കാസര്‍കോട് പൈവളിഗെയിൽ കാണാതായ പതിനഞ്ചുകാരിയുടേയും ഒപ്പമുണ്ടായിരുന്ന യുവാവിന്‍റേയും മൃതദേഹങ്ങള്‍ കണ്ടെത്തുന്നതില്‍ നിര്‍ണായകമായത് കര്‍ണാടകയിലെ ബന്ധുവിന് അയച്ചുകൊടുത്ത ചിത്രങ്ങള്‍. പതിനഞ്ചുകാരിയേയും 42കാരനേയും കാണാതായത് കഴിഞ്ഞമാസം 12നാണ്. ഇതേദിവസം ഇരുവരും ഒരുമിച്ചുള്ള ചിത്രങ്ങള്‍ കര്‍ണാടകയിലുള്ള ബന്ധുവിന് അയച്ചുകൊടുത്തിരുന്നു. പല സ്ഥലങ്ങളില്‍ വച്ച് പല സമയത്തതായി എടുത്ത 50ല്‍ അധികം ചിത്രങ്ങള്‍ അയച്ചിരുന്നുവെന്നാണ് പൊലീസ് പറയുന്നത്. ഇതിലൂടെയാണ് ഇരുവരും ഒരുമിച്ച് ഉണ്ടാകുമെന്ന സൂചന പൊലീസിന് ലഭിച്ചത്.
പിന്നാലെ കര്‍ണാടക പൊലീസിനെ ബന്ധപ്പെട്ട് കര്‍ണാടകയിലും പരിശോധന തുടങ്ങി. കര്‍ണാകയിലെ പെണ്‍കുട്ടിയുടേയും പരിചയക്കാരിലൂടെയും ബന്ധുക്കളിലൂടെയും തിരച്ചിലില്‍ ഊര്‍ജിതമാക്കി. പൈവളിഗെയിലെ വീടും പരിസരവും കേന്ദ്രീകരിച്ചുള്ള അന്വേഷണവും പുരോഗമിക്കുന്നുണ്ടായിരുന്നു.
കര്‍ണാടകയിലേക്ക് ഇരുവരും പോയിട്ടില്ലെന്ന് ഉറപ്പിച്ചതോടെയാണ് വീടിന്‍റെ പരിസരത്ത് കൂടുതല്‍ ആളുകളെ എത്തിച്ച് കര്‍ശനമായ പരിശോധന പൊലീസ് ആരംഭിച്ചത്. ഈ തിരച്ചിലിലാണ് വീടിന് സമീപത്തെ തോട്ടത്തില്‍ തൂങ്ങിമരിച്ച നിലയില്‍ മൃതദേഹങ്ങള്‍ കണ്ടെത്തിയത്. രണ്ടുപേരുടേയും മൃതദേഹങ്ങള്‍ക്കടുത്ത് രണ്ടു ഫോണുകള്‍ കണ്ടെത്തി. ഒരു കത്തിയും ഒരു ചോക്ലേറ്റും മൃതദേഹങ്ങള്‍ക്ക് സമീപമുണ്ടായിരുന്നു. മൃതദേഹം കണ്ടെത്തിയ പരിസരത്ത് നിന്നും ആത്മഹത്യ കുറിപ്പുകളൊന്നും കണ്ടെത്തിയില്ല. വസ്ത്രത്തില്‍ ആത്മഹത്യകുറിപ്പ് ഉണ്ടോ എന്ന് ഇന്‍ക്വസ്റ്റിന് ശേഷമേ അറിയാനാവൂ.