afan-mother-police

വെ‍‌ഞ്ഞാറമ്മൂട് കൂട്ടക്കൊലയില്‍ അഫാന്‍റെയും കുടുംബത്തിന്‍റെയും കടബാധ്യതകള്‍ കേട്ട് ഞെട്ടിയിരിക്കുകയാണ് പൊലീസ്. 65 ലക്ഷത്തിന്‍റെ കടബാധ്യത എങ്ങനെ വന്നുവെന്നതിലും പലിശ ഇടപാടുകള്‍ സംബന്ധിച്ചും ഷമീമയോട് വിവരം തേടാനൊരുങ്ങുകയാണ് പൊലീസ്. 2021 ന് ശേഷം മൂന്നര വര്‍ഷം കൊണ്ടാണ് ഷമീമയും രണ്ട് മക്കളും 65 ലക്ഷത്തിന്‍റെ കടബാധ്യത ഉള്ളവരായി മാറിയത്. പലിശക്കാരില്‍ നിന്നുള്ള വായ്പകളും ഇവര്‍ക്ക് ഉണ്ടായിരുന്നുവെന്ന് പൊലീസ് പറയുന്നു. 

വന്‍കടം വരുത്തിവച്ചത് അമ്മയാണെന്ന് അഫാന്‍ പൊലീസിന് മൊഴി നല്‍കിയിരുന്നു. ബന്ധുക്കളോട് പണത്തിന്  പുറമെ ആഭരണങ്ങളും വീടുകളുടെ ആധാരവുമടക്കം  ഇവര്‍ വാങ്ങി പണയം വച്ചിട്ടുണ്ട്.  ആദ്യ രണ്ടര വര്‍ഷം സാമ്പത്തിക ഇടപാടുകളെല്ലാം കൈകാര്യം ചെയ്തിരുന്നത് ഷമീമയാണെന്ന് അഫാന്‍ പറയുന്നു. അതുകൊണ്ട് എന്തിനെല്ലാമാണ് കടം  വാങ്ങിക്കൂട്ടിയതെന്നും എങ്ങനെ പണം ചെലവഴിച്ചുവെന്നും വിശദമായി അറിയണമെങ്കില്‍ ഷമീമയുടെ സഹകരണം വേണമെന്ന് ഉദ്യോഗസ്ഥര്‍ വ്യക്തമാക്കുന്നു. 

കുടുംബത്തിലെ സാമ്പത്തിക പ്രതിസന്ധി രൂക്ഷമാകാന്‍ കാരണം അമ്മ ഷെമീമയുടെ ഇടപാടുകളാണെന്നതായിരുന്നു പകയ്ക്ക് കാരണമെന്ന് പൊലീസ് കരുതുന്നു. കടക്കാരുടെ നിരന്തര ശല്യം കുടുംബത്തിനുണ്ടായെന്നും കൊലപാതകം നടന്ന ദിവസം രാവിലെയും അഫാനും ഷെമീമയും തമ്മില്‍ വാഗ്വാദമുണ്ടായെന്നും സൂചനകളുണ്ട്. പണയം വച്ച മാല തിരികെ ചോദിച്ച് നിരന്തരം ബുദ്ധിമുട്ടിച്ചതാണ് കാമുകിയായ ഫര്‍സാനയോട് പകയും വൈരാഗ്യവുമുണ്ടാകാന്‍ കാരണമായതെന്ന് അഫാന്‍ കഴിഞ്ഞ ദിവസം വെളിപ്പെടുത്തിയിരുന്നു. അമ്മയ്ക്ക് സുഖമില്ലെന്ന് പറഞ്ഞ് വീട്ടിലേക്ക് വിളിച്ചു വരുത്തിയായിരുന്നു ഫര്‍സാനയെ അഫാന്‍ വകവരുത്തിയത്. 

കൂട്ടക്കൊലപാതകത്തിന് പദ്ധതിയിട്ട അഫാന്‍ അന്നേ ദിവസം വീട്ടിലേക്ക് കടക്കാര്‍ ആരെങ്കിലും ശല്യത്തിനെത്തിയാല്‍ ആക്രമിക്കാന്‍ മുളകുപൊടിയും വാങ്ങി സൂക്ഷിച്ചിരുന്നുവെന്ന് സമ്മതിച്ചു. കൂട്ടക്കൊലപാതകത്തിന് ശേഷം വീട് കത്തിച്ച് കളയാനായിരുന്നു അഫാന്‍റെ പദ്ധതി. ഇതിനായി ഗ്യാസ് സിലിണ്ടര്‍ തുറന്ന് വച്ചാണ് അഫാന്‍ പൊലീസ് സ്റ്റേഷനിലേക്ക് പോയതും. 

അസാധാരണ പെരുമാറ്റമാണ് അഫാന്‍റേതെന്ന് പൊലീസ് ഉദ്യോഗസ്ഥരും പറയുന്നു. സ്നേഹം കൊണ്ടാണ് എല്ലാവരെയും കൊലപ്പെടുത്തിയതെന്ന് ആദ്യം പറഞ്ഞ അഫാന്‍ പിന്നീട് പകയെന്ന് തിരുത്തി. ഫെബ്രുവരി 24നായിരുന്നു അഫാന്‍ കൂട്ടക്കൊലപാതകം നടത്തിയത്.  പിതാവിന്‍റെ അമ്മ സല്‍മാ ബീവി, പിതൃസഹോദരന്‍ ലത്തീഫ്, ഭാര്യ ഷാഹിദ,  സഹോദരന്‍ അഫ്സാന്‍, കാമുകി ഫര്‍സാന എന്നിവരെയാണ് അഫാന്‍ ആറുമണിക്കൂറിനുള്ളില്‍ കൊലപ്പെടുത്തിയത്. പിന്നാലെ എലിവിഷം കഴിച്ച് പൊലീസ് സ്റ്റേഷനിലെത്തി കീഴടങ്ങുകയും ചെയ്തു. 

ENGLISH SUMMARY:

The Venjaramoodu mass murder case takes a shocking turn as police uncover a ₹65 lakh debt linked to Afan’s family. Investigators are probing high-interest loan transactions and seeking Shameema’s cooperation for further details.