രാത്രി ഒന്‍പത് മണിക്ക് ശേഷവും മദ്യം നൽകണമെന്ന ബവ്റീജസ് കോർപ്പറേഷന്റെ ഉത്തരവിനെതിരെ ബാറുടമ അസോസിയേഷൻ. രാത്രി വൈകിയും മദ്യം നൽകിയാൽ ബാറുകൾ പൂട്ടിപ്പോകും. കോർപ്പറേഷന്റെ തീരുമാനത്തിനെതിരെ സർക്കാരിനെ സമീപിക്കാൻ ഒരുങ്ങുകയാണ് ബാറുടമ അസോസിയേഷൻ.
പത്ത് ആള് കയറുന്ന പിക് ടൈമിൽ ഔട്ട്‌ലെറ്റ് കൂടി തുറന്നു വച്ചാൽ ആര് ബാറിലേക്ക് വരുമെന്നാണ് ബാറുടമ അസോസിയേഷന്‍ നേതാക്കള്‍ ചോദിക്കുന്നത്. ബാറുകളുടെ എണ്ണം റെക്കോർഡിട്ട് 900 ത്തിലേക്ക് അടുക്കുന്നു. ഉള്ള ബാറുകൾ തന്നെ നടത്തിക്കൊണ്ടു പോകാൻ കഴിയാതെ ആകെ വിയർക്കുമ്പോഴാണ് പുതിയ പരിഷ്കാരവുമായി ബവ്റീജസ് കോർപ്പറേഷൻ എത്തുന്നത്. ഇതോടെയാണ് അപേക്ഷയുമായി സർക്കാരിനെ സമീപിക്കാൻ അസോസിയേഷൻ തീരുമാനിച്ചത്.
വൈകുന്നേരം ആറര മുതൽ 11 മണി വരെയുള്ള ബാറുടമകൾ പീക്ക് ടൈം ആയി കണക്കാക്കുന്നത്. നേരത്തെ ബാറിനു സമീപത്ത് ഔട്ട്‌ലെറ്റ് തുറക്കുന്നതിനെതിരെയും അസോസിയേഷൻ രംഗത്ത് എത്തിയിരുന്നു. തിരുവനന്തപുരം നഗരം ഉൾപ്പെടെ ചില സ്ഥലങ്ങളിൽ ബാറിന് സമീപത്തുള്ള ഔട്ട്‌ലെറ്റുകൾ പൂട്ടിയത് നേരത്തെ വലിയ വിവാദമായിരുന്നു.
കോർപ്പറേഷനിലെ പ്രതിപക്ഷ സംഘടനകൾ ഇക്കാര്യം ചൂണ്ടിക്കാണിച്ചു കോർപ്പറേഷൻ എംഡിക്ക് കത്ത് നൽകുകയും ചെയ്തിരുന്നു. കഴിഞ്ഞദിവസമാണ് 9 മണി വരെയാണ് പ്രവർത്തന സമയമെങ്കിലും മദ്യം ആവശ്യപ്പെട്ട് എത്തിയാൽ എല്ലാവർക്കും മദ്യം നൽകിയ ശേഷമേ ഔട്ട്‌ലെറ്റ് പൂട്ടൂകയുള്ളൂ എന്ന നിബന്ധന ഉത്തരവായി ബവറീജസ് കോർപ്പറേഷൻ ഇറക്കിയത്. ബാർ ഇടമകളുടെ ആവശ്യം കണക്കിലെടുത്തു ഇറക്കിയ ഉത്തരവ് പിൻവലിക്കുമോ എന്നാണ് ഇനി അറിയേണ്ടത്.