പി.ജയരാജന് സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റില്‍ ഇടംനല്‍കാത്തതില്‍ അതൃപ്തി പരോക്ഷമായി പ്രകടിപ്പിച്ച് മകന്‍ ജയിന്‍ രാജ്. എം സ്വരാജിന്‍റെ പഴയ എഫ്ബി പോസ്റ്റ് വാട്സാപ്പ് സ്റ്റാറ്റസായും ന്യൂസീലന്‍ഡ് ക്രിക്കറ്റ് താരം കെയിന്‍ വില്ല്യംസണിന്‍റെ ചിത്രം പങ്കുവെച്ച് ഫെയിസ്ബുക്ക് സ്റ്റോറിയായുമാണ് അതൃപ്തി പ്രകടമാക്കിയത്. പാര്‍ട്ടിയില്‍ കടുത്ത അവഗണന നേരിടുന്നുവെന്നാണ് പി. ജയരാജന്‍ അനുകൂലികളുടെ പക്ഷം.
ബാബരി കേസിലെ വിധി വന്നപ്പോള്‍ എം സ്വരാജിട്ട എഫ്ബി പോസ്റ്റായിരുന്നു ജയിന്‍റെ വാട്സാപ്പ് സ്റ്റാറ്റസ്. "വര്‍ത്തമാന കാല ഇന്ത്യയില്‍ മറിച്ചൊരു വിധിയുണ്ടാകുമെന്ന് നിഷ്കളങ്കരേ നിങ്ങളിപ്പോഴും പ്രതീക്ഷിച്ചിരുന്നുവോ"... ഫെയിസ്ബുക്ക് ക്രിക്കറ്റ് താരം കെയിന്‍ വില്ല്യംസണിന്‍റെ ചിത്രം പങ്കുവെച്ചുള്ള ജയിന്‍രാജിന്‍റെ ഒളിയമ്പ് ഇങ്ങനെ...
"ഇനിയൊരു അങ്കത്തിനുള്ള ബാല്യം അയാളിലുണ്ടോയെന്ന് സംശയമാണ്, കപ്പിനും ചുണ്ടിനുമിടയില്‍ നിര്‍ഭാഗ്യം തൊട്ടുതലോടിയ മനുഷ്യന്‍,, ഇനിയൊരവസരം ഉണ്ടാകുമോ എന്നറിയില്ല, ഉണ്ടെങ്കില്‍ അന്തിമ ചിരി നിങ്ങളുടേതാകട്ടെ". കെയിന്‍ വില്ല്യംസണിന്‍റെ പേരും ചിത്രവുമുണ്ടെങ്കിലും പി ജയരാജന് ലഭിക്കുമെന്ന് പ്രതീക്ഷിക്കപ്പെട്ടിരുന്ന സെക്രട്ടേറിയറ്റ് പ്രവേശനം ഇല്ലാതായതിന്‍റെ അതൃപ്തി കൂടി വരികള്‍ക്കിടയില്‍ ഒളിഞ്ഞിരിപ്പുണ്ട്.
മകന്‍ വിയോജിപ്പ് പ്രകടിപ്പിച്ചെങ്കിലും പി ജയരാജന്‍ അതൃപ്തി പരസ്യമായി പ്രകടിപ്പിച്ചിട്ടില്ല ഇതുവരെ. നിലവില്‍ 72 വയസുകാരനായ പിജെക്ക് പ്രായപരിധി അനുസരിച്ച് ഇനി സംസ്ഥാന സെക്രട്ടേറിയറ്റിലേക്ക് കയറാനാവില്ല. അടുത്ത സമ്മേളന കാലയളവിനുള്ളില്‍ 75 വയസ് കഴിയും. സംസ്ഥാന സമിതി അംഗമായ ജയരാജന് കൂടുതല്‍ നേതൃനിരയിലേക്ക് എത്താനാകാതെ പടിയിറങ്ങേണ്ടിവരും.
2019 ലെ പാര്‍ലമെന്‍റ് തിരഞ്ഞെടുപ്പില്‍ പി.ജയരാജന്‍ മത്സരിച്ചപ്പോള്‍ ജില്ലാ സെക്രട്ടറി സ്ഥാനത്തുനിന്ന് താല്‍കാലികമായി മാറ്റിയെങ്കിലും പരാജയപ്പെട്ടപ്പോള്‍ തിരികെ സെക്രട്ടറിയാക്കാതിരുന്നതും, എന്നാല്‍ ഇതേസാഹചര്യത്തില്‍ കടന്നുപോയ എം.വി ജയരാജന് ജില്ലാ സെക്രട്ടറി സ്ഥാനം തിരികെ നല്‍കിയതുമെല്ലാം പാര്‍ട്ടിയില്‍ അവഗണന നേരിടുന്നതിന്‍റെ അടയാളങ്ങളായാണ് വിലയിരുത്തപ്പെടുന്നത്.