ആറ്റുകാല്‍ പൊങ്കാലയ്‍ക്ക് ശേഷം കഴിഞ്ഞ വര്‍ഷം തിരുവനന്തപുരം കോര്‍പ്പറേഷന്‍ ശേഖരിച്ച ഇഷ്ടികകള്‍ ഇനിയും ബാക്കി. കുറ‍ഞ്ഞത് അന്‍പത് വീടിനെങ്കിലും പൊങ്കാല കട്ടകള്‍ ഉപയോഗിക്കാനായിരുന്നു കോര്‍പ്പറേഷന്‍ ലക്ഷ്യമിട്ടത്. എന്നാല്‍ കട്ടകള്‍ മുഴുവന്‍ വീടുകളായോ എന്ന് ചോദിച്ചാല്‍ ഉത്തരം ദൃശ്യങ്ങള്‍ പറ‍യും. 

പൊങ്കാലയ്ക്ക് ശേഷം മൂന്ന് ലക്ഷത്തിലധികം ചുടുകട്ടകളാണ് കഴിഞ്ഞ വര്‍ഷം കോര്‍പ്പറേഷന്‍ ശേഖരിച്ചത്. ഇതില്‍ പകുതിയിലേറെ ഇഷ്ടികകള്‍ തെരഞ്ഞെടുത്ത 24 ഗുണഭോക്താക്കൾക്ക് വിതരണം ചെയ്തുവെന്നാണ് കോർപറേഷൻ വ്യക്തമാക്കുന്നത്. ഇഷ്ടികകള്‍ ശേഖരിച്ച് ഒരു വര്‍ഷം അടുക്കുമ്പോഴും നല്ലൊരു ശതമാനം ഇപ്പോഴും ജഗതിയില‌െ മാലിന്യ കൂമ്പാരത്തില്‍ തള്ളിയിരിക്കുകയാണ്. 

കോര്‍പ്പറേഷന്‍ ഏറ്റെടുത്ത നാള്‍ മുതല്‍ അര്‍ഹതപ്പെട്ടവര്‍ക്ക് പൊങ്കാല കട്ടകള്‍ ലഭ്യമാകുന്നില്ലെന്നാണ് പ്രതിപക്ഷ കൗണ്‍സിലര്‍മാര്‍ പറയുന്നത്.

കൂടുതൽ ഇഷ്ടിക ലഭിച്ചാൽ കൂടുതൽ ആളുകളെ സഹായിക്കാൻ കഴിയുമെന്നായിരുന്നു കോർപറേഷന്‍റെ മുന്‍കാലങ്ങളിലെ നിലപാട്. എന്നാല്‍ ബാക്കിയായ ഇഷ്ടികള്‍ ഉപേക്ഷിച്ചതിന് മാത്രം മിണ്ടാട്ടമില്ല. 

​മുന്‍ വര്‍ഷം 200 ലോഡ് ഇഷ്ടികകൾ ജഗതി മൈതാനത്തേക്ക് മാറ്റിയിട്ടുണ്ടെന്നാണ് കോർപറേഷന്‍റെ കണക്ക്. മാലിന്യങ്ങള്‍ തരം തിരിക്കുന്ന ജഗദിയിലെ മൈതാനത്താണ് ബാക്കിവന്ന കട്ടകള്‍ ഉപേക്ഷിച്ച നിലയില്‍ കണ്ടത്.

ENGLISH SUMMARY:

A year after the Attukal Pongala festival, the bricks collected by the Thiruvananthapuram Corporation remain unused. The delay raises questions about waste management and the corporation’s handling of post-festival cleanup efforts.