വേമ്പനാട്ട് കായലിൽ മല്ലിക്കക്കാ കടത്ത് വ്യാപകമായതോടെ തൊഴിലാളികളും കക്കാ വ്യവസായ സഹകരണസംഘങ്ങളും പ്രതിസന്ധിയിൽ. കക്കായുടെ പ്രജനന സമയത്ത് വൻകിടക്കാർ മല്ലിക്കക്ക വാരി കടത്തുന്നതോടെ ഉൽപാദനം ഗണ്യമായി കുറഞ്ഞു..
കഴിഞ്ഞ നാൽപത്തിയഞ്ച് വർഷമായി കക്കാ വാരിയാണ് റ്റിവിപുരം സ്വദേശി ശശിയും മകനും ഉപജീവനം കണ്ടെത്തുന്നത്.പുലർച്ചെ മൂന്നുമണിയോടെ ജോലി തുടങ്ങും.. കക്കാ വാരി ഇറച്ചി വേർതിരിച്ചെടുക്കുമ്പോൾ ഉച്ചയാകും.. എത്രയൊക്കെ കഷ്ടപ്പെട്ടാലും ഇപ്പോൾ ആകെ കിട്ടുന്നത് 15 പാട്ട കക്കായാണ്. മുപ്പത് മുതൽ നാൽപത്ത് പാട്ടവരെ കിട്ടിയിരുന്ന കായലിലെ സ്ഥിതിയാണിതെന്ന് ഓർക്കണം..
കായലിൽ ഉപ്പുവെള്ളമെത്തുന്നതോടെയാണ് കക്കായുടെ പ്രജനനം നടക്കുന്നത്. ഈ സമയത്ത് മല്ലിക്കക്ക അഥവാ കക്കാ കുഞ്ഞുങ്ങളെ വാരി കടത്തിയാൽ ഉൽപാദനം ഗണ്യമായി കുറയും. സഹകരണ സംഘങ്ങൾ 20 കിലോ വരുന്ന ഒരു പാട്ടയ്ക്ക് 77 രൂപ തൊഴിലാളിക്ക് നൽകുമ്പോൾ നിരോധിച്ച മല്ലിക്കക്ക കടത്തിന് 110 രൂപയാണ് കൂലി. റ്റി.വി പുരം, മൂത്തേടത്ത്കാവ്, വെച്ചൂർ, കുമരകം എന്നിവിടങ്ങളിലായി നാല് കക്ക വ്യവസായ സഹകരണ സംഘങ്ങളാണുള്ളത്. ഇവിടെയൊക്കെ പ്രതിസന്ധി രൂക്ഷമാണ്.