കാസര്‍കോട് പൈവളിഗെയില്‍ കാണാതായ പതിനഞ്ചു വയസുകാരിയെയും അയൽവാസി പ്രദീപിനേയും തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. പെൺകുട്ടിയുടെ വീടിന് 200 മീറ്റർ അകലെ മരത്തിൽ തൂങ്ങിയ നിലയിലായിരുന്നു മൃതദേഹങ്ങൾ. എന്നിട്ടും പൊലീസ് തിരച്ചിലില്‍ ഇത് എന്തുകൊണ്ട് ശ്രദ്ധയില്‍പെട്ടില്ല എന്ന ചോദ്യമാണ് നാട്ടുകാരടക്കം ഉയര്‍ത്തുന്നത്. പതിനഞ്ചുകാരിയെ കാണാതായിട്ടും അന്വേഷണത്തിൽ അലംഭാവമുണ്ടായെന്നാണ് പരാതി.
നാട്ടുകാരുടെ സഹായത്തോടെ പൊലീസ് നടത്തിയ തെരച്ചിലിലാണ് പെൺകുട്ടിയുടെ വീടിനു സമീപത്ത് നിന്ന് മൃതദേഹങ്ങൾ കണ്ടെത്തിയത്. ദിവസങ്ങളോളം പഴക്കമുണ്ട് മൃതദേഹങ്ങള്‍ക്ക്. ഫെബ്രുവരി 12ന് പുലർച്ചെയാണ് ഇരുവരെയും കാണാതായത്. രണ്ടുപേരുടെയും മൊബൈൽ ഫോൺ ലൊക്കേഷൻ ലഭിച്ചത് പെൺകുട്ടിയുടെ വീടിന്റെ പരിസരത്തു നിന്നാണ്. പലദിവസങ്ങളിൽ പൊലീസ് ഇവിടെ പരിശോധന നടത്തി. പക്ഷേ ഇരുവരേയും കുറിച്ച് യാതൊരു സൂചനയും ലഭിച്ചില്ല.
ഇരുവരുടേയും മൊബൈൽ ഫോണുകളും കത്തിയും സമീപത്തുനിന്ന് കണ്ടെത്തി. ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനം. ഇൻക്വസ്റ്റിനു ശേഷം പോസ്റ്റ്മോർട്ടത്തിനായി മൃതദേഹങ്ങൾ പരിയാരം മെഡിക്കൽ കോളജിലേക്ക് മാറ്റി.