സാമ്പത്തിക വര്‍ഷത്തിന്‍റെ അവസാനമായതോടെ ട്രഷറി കടുത്ത പ്രതിസന്ധിയിലേക്ക്. ഈ മാസത്തെ ബില്ലുകള്‍ മാറുന്നതിന് ആവശ്യമായ പണം ട്രഷറിയിലില്ലെന്നാണ് വിവരം. പണം കണ്ടെത്തിയില്ലെങ്കില്‍ ബില്ലുകള്‍ മാറുന്നതിന് കൂടുതല്‍ നിയന്ത്രണം കൊണ്ടുവന്നേക്കും.
മാസത്തിന്‍റെ ആദ്യ അഞ്ച് ദിവസം ശമ്പളവും പെന്‍ഷനും മാത്രമേ ട്രഷറികളില്‍ നിന്ന് നല്‍കുകയുള്ളൂ. തുടര്‍ന്നാണ് പദ്ധതിച്ചെലവുകള്‍ക്ക് ഉള്‍പ്പെടേയുള്ള ബില്ലുകള്‍ അനുവദിക്കുന്നത്. ഈ മാസം തുടങ്ങിയ ശേഷം കഴിഞ്ഞ വെള്ളിയാഴ്ച മാത്രമാണ് ഈ ബില്ലുകള്‍ വന്നത്. പ്രശ്നങ്ങളില്ലാതെ വെള്ളിയാഴ്ച ബില്ലുകളെല്ലാം പാസായിട്ടുണ്ട്. എന്നാല്‍ ഇന്ന് മുതല്‍ കൂടുതല്‍ ബില്ലുകള്‍ എത്തുമ്പോള്‍ നല്‍കാനാവശ്യമായ പണമുണ്ടോയെന്നതിലാണ് സംശയം.
25 ലക്ഷത്തിന് മുകളിലുള്ള ബില്ലുകള്‍ പാസാക്കാന്‍ നിലവില്‍ തന്നെ ട്രഷറിയില്‍ നിയന്ത്രണമുണ്ട്. അത്യാവശ്യത്തിനുള്ള പണം കണ്ടെത്തിയില്ലെങ്കില്‍ കൂടുതല്‍ നിയന്ത്രണങ്ങള്‍ക്ക് ധനവകുപ്പ് നിര്‍ബന്ധിതമാകും. ഇല്ലെങ്കില്‍ ട്രഷറി ഓവര്‍ ഡ്രാഫ്റ്റിലേക്ക് പോകുന്ന സാഹചര്യം വരെ ഉണ്ടായേക്കാം. ഈ മാസം പലതവണ ട്രഷറിയില്‍ സെര്‍വര്‍ പ്രശ്നങ്ങള്‍ മൂലം ഇടപാടുകള്‍ മുടങ്ങിയിരുന്നു. പണ വിതരണം നീട്ടാനുള്ള കുറുക്കുവഴികളാണ് ഇത്തരം തകരാറുകളെന്ന ആക്ഷേപമുണ്ട്. ഇതുപോലുള്ള അപ്രഖ്യാപിത നിയന്ത്രണങ്ങള്‍ക്കും സാധ്യതയേറെയാണ്.