പ്രായപരിധികഴിഞ്ഞ് ഒഴിയുന്നവരെ പാർട്ടി പ്രവർത്തനങ്ങളിൽ സജീവമായി നിലനിർത്താനായി ചുമതലകൾ ഏൽപ്പിക്കാൻ സിപിഎം. വർഗ ബഹുജന സംഘടനകളുടെയും പാർട്ടി സ്ഥാപനങ്ങളുടെയും ചുമതലകൾ നൽകാനാണ് ആലോചന. ഡൽഹിയിൽ ചേരുന്ന പോളിറ്റ് ബ്യൂറോ യോഗത്തിൽ വിഷയം ചർച്ചചെയ്യും.
പ്രകാശ് കാരാട്ട്, ബ്രിന്ദ കാരാട്ട്, മണിക് സർക്കാർ, സുഭാഷിണി അലി തുടങ്ങി ആറ് പോളിറ്റ് ബ്യൂറോ അംഗങ്ങളടക്കം കേന്ദ്രകമ്മിറ്റിയിൽനിന്ന് 25 പേരാണ് 75 വയസ് പ്രായപരിധി നിബന്ധനയനുസരിച്ച് ഇത്തവണ ഒഴിയേണ്ടിവരിക. സംസ്ഥാനങ്ങളിലും സജീവമായിരുന്ന നേതാക്കളുൾപ്പെടെയാണ് മാറുന്നത്. ഇവരെ തുടർന്നും പാർട്ടിയിൽ സജീവമായി നിലനിർത്താൻ അനുബന്ധ ചുമതലകൾ നൽകാനാണ് ധാരണ. വർഗ ബഹുജന സംഘടനകൾ, പാർട്ടി മുഖപത്രങ്ങലടക്കമുള്ള സ്ഥാപനങ്ങൾ, പാർട്ടി സ്കൂളുകൾ, ഗവേഷണ കേന്ദ്രങ്ങൾ തുടങ്ങിയവയുടെ ചുമതലകളാകും ഏൽപ്പിക്കുക. പാർട്ടി കോൺഗ്രസിന് മുന്നോടിയായി സംഘടന റിപ്പോർട്ട് ചർച്ച ചെയ്യാൻ ചേരുന്ന പോളിറ്റ് ബ്യൂറോ യോഗത്തിൽ ഇക്കാര്യം ചർച്ചചെയ്യും.
കൂടുതൽ യുവാക്കളെ നേതൃത്വത്തിലേക്ക് കൊണ്ടുവരാനാണ് പ്രായപരിധി നിബന്ധന കർശനമായി നടപ്പാക്കാൻ സിപിഎം തീരുമാനിച്ചത്. പക്ഷെ ഒഴിയുന്ന പല നേതാക്കളുടെയും അതൃപ്തിയുണ്ട്. ഇത് മുഖവിലയ്‌ക്കെടുത്താണ് പാർട്ടിയുടെ പുതിയ ചുമതലകൾ നിർദേശിക്കാനുള്ള പദ്ധതി.