കൂത്തുപറമ്പ് മെരുവമ്പായി സ്വദേശിനി ശ്രീനന്ദ മരിക്കുമ്പോള്‍ ശരീരഭാരം വെറും 25 കിലോഗ്രാം മാത്രമായിരുന്നുവെന്ന് ചികിത്സിച്ച ഡോക്ടര്‍ നാഗേഷ്. പേശീഭാരം തീരെയില്ലാത്ത അവസ്ഥയിലാണ് പതിനെട്ടുകാരിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതെന്നും ഒരുഘട്ടത്തില്‍ വിശപ്പെന്ന വികാരം പോലും പെണ്‍കുട്ടിക്ക് ഉണ്ടായിരുന്നില്ലെന്നും ഡോക്ടര്‍ പറഞ്ഞു. 'കൂടാതെ, ശ്രീനന്ദയുടെ രക്തസമ്മര്‍ദവും ഷുഗര്‍ ലെവലുമെല്ലാം താഴ്ന്ന നിലയിലായിരുന്നുവെന്നും റിപ്പോര്‍ട്ട്. പെണ്‍കുട്ടി 'അനോറെക്‌സിയ നെര്‍വോസ' എന്ന സൈക്യാട്രിക് സാഹചര്യത്തിലൂടെ കടന്നുപോവുകയായിരുന്നുവെന്ന് വീട്ടുകാര്‍ക്ക് തിരിച്ചറിയന്‍ സാധിച്ചില്ല.
വണ്ണം കൂടുന്നുണ്ടെന്ന തോന്നല്‍ കാരണം യുട്യൂബില്‍ നോക്കിയാണ് പെണ്‍കുട്ടി ഡയറ്റ് ഫോളോ ചെയ്തിരുന്നത്. ഭക്ഷണം ഒട്ടും കഴിക്കാതെ ആരോഗ്യപ്രശ്നങ്ങള്‍ നേരിട്ടതോടെയാണ് പെണ്‍കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ആശുപത്രിയില്‍ എത്തുന്ന സമയത്ത് ശ്രീനന്ദയുടെ ശരീരഭാരം വെറും 20-25 കിലോഗ്രാം മാത്രമായിരുന്നു. ഐസിയുവിലാണ് പ്രവേശിപ്പിച്ചത്.
രക്തസമ്മര്‍ദത്തിന്‍റെ ലെവല്‍ 70 ആയിരുന്നു. ഷുഗര്‍ ലെവര്‍ 45 ഉം സോഡിയത്തിന്‍റെ ലെവല്‍ 120 ഉം ആയിരുന്നു. പേശീഭാരം തീരെയുണ്ടായിരുന്നില്ല. എല്ലും തോലുമായ അവസ്ഥയിലായിരുന്നു പെണ്‍കുട്ടിയെന്നും ഡോക്ടര്‍ പറഞ്ഞു. വണ്ണം കൂടുതലാണെന്ന ധാരണയില്‍ കുറച്ചുനാളായി ഭക്ഷണത്തിന്‍റെ അളവ് കുറച്ചതാണ് പ്രശ്‌നമായതെന്നാണ് വിവരം. ഇതേതുടർന്ന് പെണ്‍കുട്ടിയുടെ ആമാശയവും അന്നനാളവും ചുരുങ്ങി.
ഗുരുതരമായ ഈറ്റിങ് ഡിസോർഡറും മാനസികാരോഗ്യ പ്രശ്നവുമാണ് അനോക്സിയ നെർവോസയെന്ന് വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു. ഈ പ്രശ്നമുള്ളവർ വണ്ണം പരമാവധി കുറയ്ക്കാൻ ശ്രമിക്കും. വേണ്ടത്ര ഭക്ഷണം കഴിക്കാതിരിക്കുകയോ അമിതമായി വ്യായാമം ചെയ്യുകയോ ഭക്ഷണം കഴിച്ചാൽ ഛർദിച്ചു കളയാൻ ശ്രമിക്കുകയോ ഒക്കെ ചെയ്യും. പട്ടിണി കിടക്കുക കൂടി ചെയ്യുന്നതോടെ സാഹചര്യം ഗുരുതരമാകും. സ്വന്തം ശരീരത്തെക്കുറിച്ച് എപ്പോഴും ആശങ്കയുണ്ടാവും. വണ്ണം വെയ്ക്കുമോയെന്ന ഭയമുണ്ടാവുകയും ചെയ്യും. പ്രായ, ലിംഗ ഭേദമന്യേ എല്ലാവരിലും ഈ അവസ്ഥ കാണാം. അനോറെക്സിയ ഉണ്ടെന്ന സംശയം തോന്നിയാലുടൻ വിദഗ്ധ ചികിത്സ തേടണമെന്നാണ് ഡോക്ടർമാർ പറയുന്നത്. തെറാപ്പി ഉൾപ്പെടെയുള്ള ചികിത്സാ രീതികളിലൂടെ ഈ അവസ്ഥയെ മറികടക്കാനാകുമെന്നും ഡോക്ടർമാർ പറയുന്നു.