പാലക്കാട് കഞ്ചിക്കോട്ടെ മദ്യനിര്‍മാണശാല ഒയാസിസിനെതിരെ മിച്ചഭൂമി കേസ്. ചട്ടപ്രകാരമുള്ള 15 ഏക്കറിനു പകരം കമ്പനിയുടെ കൈവശമുള്ളത് 23.92 ഏക്കര്‍ ഭൂമിയാണ്. ചട്ടവിരുദ്ധമായി ഭൂമി കൈവശംവച്ചതിനാല്‍ കേസെടുക്കാമെന്ന് റവന്യുവകുപ്പ് വ്യക്തമാക്കി. അന്വേഷിക്കാന്‍ താലൂക്ക് ലാന്‍ഡ് ബോര്‍ഡിന് നിര്‍ദേശവും നല്‍കി.
മദ്യനിര്‍മാണക്കമ്പനിയുടെ കൈവശമുള്ള അധികഭൂമി സർക്കാർ ഏറ്റെടുക്കണമെന്നാവശ്യപ്പെട്ട് വി.കെ.ശ്രീകണ്ഠൻ എംപി നേരത്തെ റവന്യു മന്ത്രി കെ.രാജന് കത്തുനല്‍കിയിരുന്നു. അനുവദനീയമായ പരിധിയിൽ കൂടുതൽ ഭൂമി കമ്പനിയുടെ പേരിൽ റജിസ്റ്റർ ചെയ്യുകയും പോക്കുവരവു നടത്തുകയും ചെയ്തത് അഴിമതിയാണ്. നിയമവിരുദ്ധ പ്രവർത്തനം നടത്തിയ റജിസ്ട്രേഷൻ, റവന്യു വകുപ്പ് ഉദ്യോഗസ്ഥർക്കെതിരെ അഴിമതി നിരോധന നിയമപ്രകാരം കേസെടുത്ത് അന്വേഷണം നടത്തണം. അധികമുള്ളഭൂമി എത്രയും വേഗം സർക്കാർ ഏറ്റെടുക്കണമെന്നുമായിരുന്നു കത്തിലെ ആവശ്യം. ഇക്കാര്യം ചൂണ്ടിക്കാട്ടി ചീഫ് സെക്രട്ടറിക്കും പരാതി നല്‍കിയിട്ടുണ്ട്.