pongala-lit

ഭക്തി നിറവിൽ ആറ്റുകാലമ്മയ്ക്ക് പൊങ്കാലയർപ്പിക്കാൻ കാത്ത് തലസ്ഥാനനഗരി.  സ്ത്രീ ലക്ഷങ്ങൾ ഒഴുകിയെത്തിയതോടെ വൻ തിരക്കിലാണ് ആറ്റുകാൽ ക്ഷേത്രവും പരിസരവും. ക്ഷേത്രത്തിനു പുറത്ത് 10 കിലോമീറ്റർ ചുറ്റളവിൽ പൊങ്കാല അടുപ്പുകളില്‍ തീ പകര്‍ന്നു. ശുദ്ധപുണ്യാഹത്തിനു ശേഷം തന്ത്രി പരമേശ്വരൻ വാസുദേവൻ ഭട്ടതിരിപ്പാടിന്റെ സാന്നിധ്യത്തിൽ മേൽശാന്തി വി.മുരളീധരൻ നമ്പൂതിരി ശ്രീകോവിലിൽ നിന്നുള്ള ദീപം ക്ഷേത്ര തിടപ്പള്ളിയിലെ പൊങ്കാല അടുപ്പിൽ പകർന്നു. 

ഇതേ ദീപം വലിയ തിടപ്പള്ളിയിലും ക്ഷേത്രത്തിനു മുന്നിലൊരുക്കിയ പണ്ടാര അടുപ്പിലും പകർന്നു. പിന്നാലെ ഭക്തർ ഒരുക്കിയ അടുപ്പുകളും എരിഞ്ഞുതുടങ്ങി. ചെണ്ടമേളവും കരിമരുന്ന് പ്രയോഗവും അകമ്പടിയേകി. ദുഃഖങ്ങളെ കനലിലെരിയിച്ച്, ജീവിതാനന്ദത്തിന്റെ മധുരം നിവേദിച്ച പൊങ്കാലയുമായി മടങ്ങാൻ ഭക്തലക്ഷങ്ങളാണു തലസ്ഥാനത്ത് എത്തിയിട്ടുള്ളത്. നിവേദ്യം ഉച്ചയ്ക്ക് 1.15ന്. 

രാത്രി 7.45ന് കുത്തിയോട്ട ബാലന്മാരെ ചൂരൽകുത്തും. 11.15 ന് മണക്കാട് ധർമശാസ്താ ക്ഷേത്രത്തിലേക്കു ദേവിയുടെ എഴുന്നള്ളത്ത്. നാളെ രാവിലെ 5ന് ശാസ്താ ക്ഷേത്രത്തിലെ പൂജയ്ക്കു ശേഷം തിരിച്ചെഴുന്നള്ളത്ത്. രാത്രി 10 ന് കാപ്പഴിച്ച് ദേവിയെ കുടിയിളക്കും. രാത്രി 1ന് നടത്തുന്ന കുരുതി തർപ്പണത്തോടെ ഇക്കൊല്ലത്തെ പൊങ്കാല ഉത്സവത്തിന് സമാപനമാകും.

ENGLISH SUMMARY:

Attukal Pongala 2025: TVM brims with devotion as 'pandara aduppu' is lit