സർക്കാർ നൽകിയ തിരിച്ചറിയൽ കാർഡുകൾ പ്രതീകാത്മകമായി തിരികെ നൽകി ചൂരൽമല- മുണ്ടകൈ ഉരുൾപൊട്ടൽ ദുരന്ത ബാധിതരുടെ പ്രതിഷേധം. നൽകിയ വാഗ്ദാനങ്ങൾ സർക്കാർ പാലിക്കണമന്നാവശ്യപ്പെട്ടാണ് ജനശബ്ദം ആക്ഷൻ കൗൺസിലിന്‍റെ നേതൃത്വത്തിൽ പ്രതിഷേധിച്ചത്.
നൂറുകണക്കിനു ദുരന്ത ബാധിതർ ഇന്നും പ്രതിഷേധിക്കാനെത്തി. കൽപ്പറ്റയിൽ നിന്നും റാലിയായെത്തി കലക്ടറേറ്റ് ഉപരോധിച്ചു. ദുരന്തബാധിതരുടെ കട ബാധ്യത എഴുതിതള്ളുക, ഓരോ കുടുംബത്തിനും 10 സെന്റ് ഭൂമി വീതം നൽകുക എന്നീ ആവശ്യങ്ങളാണ് ഉന്നയിച്ചത്. സർക്കാർ നൽകിയ തിരിച്ചറിയൽ കാർഡുകൾ തിരിച്ചുനൽകിയായിരുന്നു പ്രതിഷേധം.
പ്രതിഷേധക്കാരുമായി മന്ത്രി കെ. രാജൻ പിന്നീട് ചർച്ച നടത്തി. എല്ലാ ആശങ്കകളും പരിഹരിക്കുമെന്ന മന്ത്രിയുടെ ഉറപ്പിൽ മണിക്കൂറുകൾ നീണ്ട പ്രതിഷേധം അവസാനിപ്പിച്ചു. 300 രൂപ സഹായം തുടരും, വാടക തുക മുടങ്ങാതെ ലഭ്യമാക്കും എന്നിങ്ങനെയാണ് ഉറപ്പുകൾ. ഉറപ്പ് ലംഘിക്കപ്പെട്ടാൽ പ്രതിഷേധം കടുപ്പിക്കാനാണ് തീരുമാനം. അതിനിടെ ടൗൺഷിപ്പിനായി മേപ്പാടി നെടുമ്പാലയിലെ ഹാരിസൺ എസ്റ്റേറ്റ് തൽകാലം ഏറ്റെടുക്കില്ലെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയിൽ വ്യക്തമാക്കി.
പുനരധിവാസത്തിനായി ആദ്യഘട്ടത്തില്‍ ഏറ്റെടുക്കുക എല്‍സ്റ്റണ്‍ എസ്റ്റേറ്റ് മാത്രമാണെന്നും ആദ്യ ഘട്ടത്തില്‍ 430 കുടുംബങ്ങള്‍ക്കായാണ് പുനരധിവാസ പദ്ധതി നടപ്പാക്കേണ്ടതെന്നും സർക്കാർ അറിയിച്ചു. ആദ്യ ഘട്ടത്തില്‍ 215 കുടുംബങ്ങളെ പുനരധിവസിപ്പിക്കാനുള്ള ഭൂമി മതിയാകുമെന്നും ഈ സാഹചര്യത്തില്‍ എല്‍സ്റ്റണ്‍, ഹാരിസണ്‍സ് എസ്റ്റേറ്റുകള്‍ ഒരുമിച്ച് ഏറ്റെടുക്കേണ്ടതില്ലെന്നും സര്‍ക്കാരിനു വേണ്ടി അഡ്വക്കറ്റ് ജനറല്‍ ഹൈക്കോടതിയെ അറിയിച്ചു.