yogesh-manoj-ajith-ips

യോഗേഷ് ഗുപ്ത ഐപിഎസ്, മനോജ് എബ്രഹാം ഐപിഎസ്, എംആര്‍ അജിത്ത് കുമാര്‍ ഐപിഎസ്

കേരള പൊലീസിന്‍റെ തലപ്പത്തേക്ക് പുതിയ മേധാവി വരാന്‍ ഒരുങ്ങുകയാണ്. നിലവിലെ ഡി.ജി.പി ഷെയ്ഖ് ദര്‍വേഷ് സാഹിബ് ജൂണ്‍ 30ന് വിരമിക്കും. ജൂലായ് 1 മുതല്‍ കേരള പൊലീസിനെ നയിക്കുന്നത് ആരെന്നുള്ള ചര്‍ച്ചകളാണ് ആഭ്യന്തര വകുപ്പില്‍ ചൂടുപിടിക്കുന്നത്. സംസ്ഥാനത്തെ ഏറ്റവും പ്രധാന അഭിമാന കസേരകളിലൊന്നായ ഡി.ജി.പി പദവി സ്വന്തമാക്കാന്‍ പൊലീസ് തലപ്പത്ത് ചരടുവലികളും തകൃതിയായി നടക്കുന്നു.

s-darvesh-saheb-file

ഡിജിപി ഷെയ്ഖ് ദര്‍വേഷ് സാഹിബ്

സംസ്ഥാനം തയാറാക്കിയ പ്രാഥമിക പട്ടികയില്‍ ആറ് പേരാണുള്ളത്. 30 വര്‍ഷം സര്‍വീസ് പൂര്‍ത്തിയായവരെന്ന മാനദണ്ഡത്തിന്‍റെ അടിസ്ഥാനത്തില്‍ തയാറാക്കിയതാണ് പട്ടിക. റോഡ് സുരക്ഷാ കമ്മീഷണര്‍ നിധിന്‍ അഗര്‍വാള്‍, കേന്ദ്ര ഇന്‍റലിജന്‍സ് ബ്യൂറോ അഡീഷണല്‍ ഡയറക്ടര്‍ രവാഡാ ചന്ദ്രശേഖര്‍, വിജിലന്‍സ് ഡയറക്ടര്‍ യോഗേഷ് ഗുപ്ത, ക്രമസമാധാന ചുമതലയുള്ള എ.ഡി.ജി.പി മനോജ് എബ്രഹാം, എസ്.പി.ജി അഡീഷണല്‍ ഡയറക്ടര്‍ സുരേഷ് രാജ് പുരോഹിത്, ബറ്റാലിയന്‍ എ.ഡി.ജി.പി എം.ആര്‍.അജിത്കുമാര്‍ എന്നവരാണ് ആ ആറ് പേര്‍. ഇവരില്‍ ഒരാള്‍ക്ക് പൊലീസ് മേധാവിയാകാനുള്ള നറുക്ക് വീഴും.

തിരഞ്ഞെടുപ്പ് രീതി

പൊലീസ് മേധാവി സ്ഥാനത്തേക്ക് പരിഗണിക്കുന്നതില്‍ താല്‍പര്യമുണ്ടോയെന്ന് ആ ആറ് പേരോടും അന്വേഷിക്കും. താല്‍പര്യമുണ്ടെന്ന് അറിയിച്ചാല്‍ ഇവരുടെ സര്‍വീസ് റെക്കോഡും കേസ് വിവരങ്ങളുമെല്ലാം ചേര്‍ത്ത് അന്തിമ പട്ടിക തയാറാക്കി കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് കൈമാറും. അവിടെ നിന്ന് അത് യു.പി.എസ്.സിക്കും. യു.പി.എസ്.സി ആ പട്ടിക പരിശോധിക്കും. കേസും അന്വേഷണവും  നേരിടുന്നവരേയും സര്‍വീസില്‍ ഗുരുതര വീഴ്ച വരുത്തിയവരെയും ഒഴിവാക്കും. അതിന് ശേഷം മൂന്ന് പേരുടെ ചുരുക്കപ്പട്ടിക തയാറാക്കി കേരളത്തിന് കൈമാറും. സംസ്ഥാനത്തിന് ഈ മൂന്ന് പേരില്‍ ഒരാളെ തിരഞ്ഞെടുക്കാം. മുഖ്യമന്ത്രി ഒരാളെ നിശ്ചയിക്കും. അതിന് ശേഷം ജൂണ്‍ അവസാന ആഴ്ചത്തെ മന്ത്രിസഭായോഗം അത് ചര്‍ച്ചചെയ്ത് അംഗീകരിക്കും.

സാധ്യതയില്‍ മുന്നില്‍ യോഗേഷ് ഗുപ്ത

യോഗേഷ് ഗുപ്ത ഐപിഎസ്

നിലവിലെ പട്ടികയിലെ ആറ് പേരും ഡി.ജി.പി സ്ഥാനത്തേക്ക് പരിഗണിക്കാന്‍ ആഗ്രഹിക്കുന്നവരാണ്. അതിനാല്‍ ഈ പട്ടിക തന്നെയാവും യു.പി.എസ്.സിയുടെ പരിഗണനക്കെത്തുക. അട്ടിമറികളോ യോഗ്യത പ്രശ്നമോ ഉയര്‍ന്ന് വന്നില്ലെങ്കില്‍ ആദ്യ മൂന്ന് സ്ഥാനത്തുള്ളവര്‍ അന്തിമപട്ടികയില്‍ ഇടംപിടിക്കും. അതായത് നിധിന്‍ അഗര്‍വാള്‍, റവാഡാ ചന്ദ്രശേഖര്‍, യോഗേഷ് ഗുപ്ത. അപ്പോള്‍ ഇവരില്‍ ഒരാളെ വേണം സംസ്ഥാനത്തിന് തിരഞ്ഞെടുക്കാന്‍. ഇതില്‍ വര്‍ഷങ്ങളായി കേന്ദ്രത്തില്‍ ജോലി ചെയ്യുന്ന റവാഡാ ചന്ദ്രശേഖറിനെ പരിഗണിക്കാന്‍ സംസ്ഥാനം തയാറായേക്കില്ല. മാത്രവുമല്ല, കൂത്തുപറമ്പ് വെടിവെപ്പ് സമയത്ത് റവാഡയായിരുന്നു കണ്ണൂര്‍ ജില്ലാ പൊലീസ് മേധാവി. അതിനാല്‍ സി.പി.എമ്മുമായും നല്ല ബന്ധമല്ല. അതോടെ നിധിന്‍ അഗര്‍വാള്‍, യോഗേഷ് ഗുപ്ത എന്നിവരിലേക്ക് മല്‍സരം ചുരുങ്ങും. നിധിന്‍ അഗര്‍വാളും ഏതാനും വര്‍ഷങ്ങളായി കേന്ദ്രത്തിലായിരുന്നു. ബി.എസ്.എഫ് ഡയറക്ടറായി ബി.ജെ.പിയുമായി നല്ല ബന്ധം പുലര്‍ത്തിയിരുന്നു. അതുകൊണ്ട് തന്നെ ഏതാനും വര്‍ഷങ്ങളായി കേരളത്തില്‍ തുടരുകയും വിജിലന്‍സ് മേധാവിയെന്ന നിലയില്‍ സര്‍ക്കാരിനോട് ഇടപെട്ട് പരിചയവുമുള്ള യോഗേഷ് ഗുപ്തയോടാവും മുഖ്യമന്ത്രിക്ക് താല്‍പര്യം. അങ്ങിനെ വന്നാല്‍ ജൂലായ് 1ന് യോഗേഷ് ഗുപ്ത പൊലീസ് മേധാവി കസേരയിലെത്തും. 

നിധിന്‍ അഗര്‍വാളിന്‍റെ പ്രതീക്ഷ

നിതിന്‍ അഗര്‍വാള്‍ ഐപിഎസ്

ബി.എസ്.എഫ് ഡയറക്ടര്‍ എന്ന ഉയര്‍ന്ന പദവിയില്‍ നിന്ന് പെട്ടന്നൊരു ദിവസം മാറ്റപ്പെട്ട ഉദ്യോഗസ്ഥനാണ് നിധിന്‍ അഗര്‍വാള്‍. സ്ഥലംമാറ്റുകയും ഉടന്‍ തന്നെ കേരളത്തിലേക്ക് തിരിച്ചയക്കുകയും ചെയ്യുന്ന അസാധാരണ നടപടിക്കും വിധേയമായി. കാരണമെന്താണെന്ന് ഇതുവരെ കേന്ദ്രം പരസ്യമാക്കിയിട്ടില്ല. അതുകൊണ്ട് തന്നെ നിധിന്‍ ബി.ജെ.പിക്ക് അത്ര വേണ്ടപ്പെട്ടവനല്ലെന്നും സാധാരണ ഐ.പി.എസ് ഓഫീസര്‍ മാത്രമാണെന്നും കേരള സര്‍ക്കാരിനും വിശ്വസിക്കാനാവുന്ന ഓഫീസറാണെന്നും അദേഹത്തെ അനുകൂലിക്കുന്നവര്‍ മുഖ്യമന്ത്രിയെ ധരിപ്പിക്കാന്‍ ശ്രമിക്കുന്നുണ്ട്. മാത്രവുമല്ല, യോഗേഷ് ഗുപ്തയെ ഡി.ജി.പിയാക്കിയാല്‍ അദേഹത്തിന് 2030വരെ സര്‍വീസുണ്ട്. മറ്റ് പല ഉദ്യോഗസ്ഥരുടെയും ഭാവിക്ക് അത് തിരിച്ചടിയുമാകും. അവരുടെ പിന്തുണയും നിധിന്‍ അഗര്‍വാളിനാണ്. ഈ നീക്കം വിജയിച്ചാല്‍ യോഗേഷ് ഗുപ്തയെ മറികടന്ന് നിധിന്‍ പൊലീസ് മേധാവിയായേക്കാം.

മനോജ് എബ്രഹാമിന്‍റെ സാധ്യത

എ.ഡി.ജി.പി മനോജ് എബ്രഹാം

നിലവിലെ പട്ടികയില്‍ നാലാം സ്ഥാനമാണ് മനോജ് എബ്രഹാമിന്. അതുകൊണ്ട് തന്നെ സ്വാഭാവിക നടപടികള്‍ മാത്രമുണ്ടായാല്‍ അന്തിമപട്ടികയില്‍ ഇടംപിടിക്കില്ല. പക്ഷെ അദേഹത്തെ ഭാഗ്യം തുണയ്ക്കുമോയെന്ന് അറിയാന്‍ രണ്ട് സാധ്യതകളാണുള്ളത്. ഒന്ന്–നിലവിലെ പട്ടികയിലെ രണ്ടാം സ്ഥാനക്കാരനായ കേന്ദ്ര ഐ.ബി അഡീഷണല്‍ ഡയറക്ടര്‍ റവാഡാ ചന്ദ്രശേഖറിനെ കേന്ദ്രം ഐ.ബി ഡയറക്ടറാക്കാന്‍ പരിഗണിക്കുന്നുണ്ട്. ജൂണിലാണ് ഒഴിവ് വരുന്നത്. അങ്ങിനെ വന്നാല്‍ അദേഹം ഡി.ജി.പി പട്ടികയില്‍ നിന്നൊഴിവാകും. അപ്പോള്‍ നാലാം സ്ഥാനത്തുള്ള മനോജ് എബ്രഹാം മൂന്നംഗ ചുരുക്കപ്പട്ടികയില്‍ ഇടംപിടിക്കും. രണ്ട്–നിധിന്‍ അഗര്‍വാളിനെ ബി.എസ്.എഫ് ഡയറക്ടര്‍ സ്ഥാനത്ത് നിന്ന് കേന്ദ്രം ശിക്ഷാനടപടി പോലെ തിരിച്ചയച്ചതാണ്. യു.പി.എസ്.സിയുടെ പരിശോധനയില്‍ ഇത് തിരിച്ചടിയായാല്‍ അദേഹത്തെ പട്ടികയില്‍ നിന്ന് ഒഴിവാക്കിയേക്കാം. അങ്ങിനെ വന്നാലും മനോജ് എബ്രഹാം അന്തിമപട്ടികയില്‍ ഇടംപിടിക്കും.

അന്തിമ പട്ടികയില്‍ ഇടംപിടിച്ചാല്‍ പിന്നീട് മനോജ് എബ്രഹാമിന് വഴിതെളിയും. കാരണം ഏതൊരു സര്‍ക്കാരിനും വിശ്വസ്തനാണ് പൊലീസിലെ ക്രൈസിസ് മാനേജറായി അറിയപ്പെടുന്ന മനോജ് എബ്രഹാം. വിവാദങ്ങള്‍ക്കൊടുവില്‍ എം.ആര്‍.അജിത്കുമാറിനെ ക്രമസമാധാന ചുമതലയില്‍ നിന്ന് മാറ്റിയപ്പോള്‍ മുഖ്യമന്ത്രി പകരം കണ്ടെത്തിയതും മനോജ് എബ്രഹാമിനെയാണ്. അതിനാല്‍ അന്തിമപട്ടികയിലെത്തിയാല്‍ അദേഹത്തിന് സാധ്യതയേറും.

എം.ആര്‍.അജിത്കുമാറിന്‍റെ വഴി

പ്രാഥമിക പട്ടികയില്‍ അവസാന സ്ഥാനത്താണ് എം.ആര്‍.അജിത്കുമാര്‍. അജിത്കുമാറിനെ ഡി.ജി.പിയാക്കാന്‍ മുഖ്യമന്ത്രി ആഗ്രഹിച്ചാല്‍ പോലും അതിന് വലിയ ഭാഗ്യവും അട്ടിമറികളും വേണം. പട്ടികയിലെ ആറില്‍ മൂന്ന് പേര്‍ ഒഴിവായാല്‍ മാത്രമേ അജിത് കുമാര്‍ അന്തിമപട്ടികയിലെത്തൂ. അതിന് ഈ പറയുന്ന കാര്യങ്ങള്‍ സംഭവിക്കണം– റവാഡാ ചന്ദ്രശേഖര്‍ കേന്ദ്ര ഐ.ബി ഡയറക്ടറായോ മറ്റേതെങ്കിലും കാരണം കൊണ്ടോ ഒഴിവാകണം. നിധിന്‍ അഗര്‍വാളിനെ യു.പി.എസ്.സി ഒഴിവാക്കണം. എസ്.പി.ജി അഡീഷണല്‍ ഡയറക്ടറായ സുരേഷ് രാജ് പുരോഹിതും കേരളത്തില്‍ താല്‍പര്യമില്ലെന്ന് അറിയിച്ച് കേന്ദ്രത്തില്‍ തുടരണം. അങ്ങിനെ വന്നാല്‍ യോഗേഷ് ഗുപ്ത, മനോജ് എബ്രഹാം, അജിത്കുമാര്‍ എന്നിവരാവും അന്തിമപട്ടികയില്‍. ഇതില്‍ മനോജിനെയും യോഗേഷിനെയും തള്ളിയും സി.പി.ഐ ഉള്‍പ്പടെയുള്ള ഘടകകക്ഷികളുടെ എതിര്‍പ്പിന് പുല്ലുവില കൊടുത്തും അജിത്കുമാറിനെ തിരഞ്ഞെടുക്കാന്‍ മുഖ്യമന്ത്രി തീരുമാനിച്ചാല്‍ അജിത് കുമാറിന്‍റെ തിരിച്ചുവരവിനാവും കേരളം സാക്ഷിയാവുക. 

ENGLISH SUMMARY:

With DGP Sheikh Darvesh Sahib set to retire on June 30, discussions are heating up over his successor. Top contenders include Nitin Agarwal, Yogesh Gupta, and Manoj Abraham. Who will lead Kerala Police from July 1?