സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങളുടെ പേരില്‍ 2024ല്‍ കേരളത്തില്‍ റജിസ്റ്റര്‍ ചെയ്ത് 18,887 കേസുകള്‍. 2023നെ അപേക്ഷിച്ച് 93 കേസുകളുടെ കുറവ്. ഈ കണക്കുമാത്രം വച്ച് സംസ്ഥാന വനിതാകമ്മിഷന്‍ വാര്‍ഷിക ദിനാചരണവേദിയില്‍ മുഖ്യമന്ത്രി പറഞ്ഞത് ഇങ്ങനെ... ‘സംസ്ഥാനത്ത് സ്ത്രീകള്‍ക്കെതിരായ അതിക്രമക്കേസുകള്‍ ഗണ്യമായി കുറഞ്ഞു. 2023ല്‍ 18,900 കേസുകളാണ് രജിസ്റ്റര്‍ ചെയ്തത്. എന്നാല്‍ കഴിഞ്ഞ വര്‍ഷം ഇത് 17,000 ആയി. സ്ത്രീധന പീഡനക്കേസുകളും ഗാര്‍ഹിക പീഡനക്കേസുസുകളും കുറഞ്ഞിട്ടുണ്ട്.’
എന്നാല്‍ സംസ്ഥാന ക്രൈം റെക്കോര്‍ഡ്സ് ബ്യൂറോയുടെ കണക്കുകള്‍ ഈ അവകാശവാദം പൊളിക്കുന്നു. മുഖ്യമന്ത്രി പ്രസംഗത്തില്‍ പറഞ്ഞ കണക്കുവച്ചു നോക്കിയാല്‍ രണ്ടായിരം കേസുകള്‍ കുറയണം. പക്ഷേ എസ്‍.സി.ആര്‍.ബി പറയുന്നത് ഇങ്ങനെ. 2023ല്‍ റജിസ്റ്റര്‍ ചെയ്തത് 18,980 കേസുകള്‍. 2024ല്‍ 18,887. വ്യത്യാസം കേവലം 93 മാത്രം. കേസുകള്‍ കുറഞ്ഞെന്ന് വാദത്തിനായി സമ്മതിക്കാം. പക്ഷേ അതീവ ഗൗരവസ്വഭാവമുള്ള കേസുകളുടെ എണ്ണം പരിശോധിച്ചാല്‍ മുഖ്യമന്ത്രിയുടെ വാദം പിന്നെയും പൊളിയും.
2024ല്‍ സംസ്ഥാനത്ത് റജിസ്റ്റര്‍ ചെയ്തത് 2901 ലൈംഗിക പീഡനക്കേസുകള്‍. 2023ല്‍ ഇത് 2562 ആയിരുന്നു. 339 കേസുകളുടെ വര്‍ധന. ഇത് റെക്കോര്‍ഡാണ്. പെണ്‍കുട്ടികളെ ശല്യം ചെയ്തിന് 'പൂവാലന്മാര്‍'ക്കെതിരെ എടുത്ത കേസുകകള്‍ 695. ഒരുകാലത്തും ഇത്രയും കേസുകള്‍ ഒരുവര്‍ഷം റജിസ്റ്റര്‍ ചെയ്തിട്ടില്ല. ഗാര്‍ഹിക പീഡനക്കേസുകളാകട്ടെ തുടര്‍ച്ചയായ നാലാം വര്‍ഷവും 4500ന് മുകളിലാണ്.
ഗാര്‍ഹിക പീഡനം, ബലാല്‍സംഗം, തട്ടിക്കൊണ്ടുപോകല്‍, സ്ത്രീധനപീഡനം, തുടങ്ങിയ കുറ്റകൃത്യങ്ങളുടെ പേരില്‍ വിവിധ പൊലീസ് സ്റ്റേഷനുകളില്‍ റജിസ്റ്റര്‍ ചെയ്ത കേസുകളുടെ എണ്ണമാണ് 18,887. മുന്‍വര്‍ഷത്തെ അപേക്ഷിച്ച് മൊത്തം കേസുകളില്‍ 93 എണ്ണത്തിന്‍റെ കുറവുവന്നുവെന്ന് പറയുമ്പോഴും ബലാല്‍സംഗമടക്കമുള്ള അതീവഗുരുതരമായ കേസുകളുടെ എണ്ണം കൂടുകയാണെന്ന വസ്തുത അവഗണിക്കാനാവില്ല. ഈ സാഹചര്യത്തിലാണ് സ്ത്രീസുരക്ഷ ഉറപ്പാക്കിയെന്ന അവകാശവാദത്തില്‍ സംശയമുയരുന്നത്.