ശബരിമലയിൽ തിരക്കേറിയതോടെ ശ്രീ കോവിലിന് മുന്നിലേക്ക് തീർഥാടകരെ നേരിട്ട് കടത്തിവിടുന്നതിനൊപ്പം മേൽപ്പാലവും ഉപയോഗിച്ചു തുടങ്ങി. ദർശനത്തിന് 40 വർഷം മുൻപുള്ള രീതി പുനസ്ഥാപിച്ചത് ഇന്നലെയാണ്. പുതിയ രീതിയുടെ പരിമിതികൾ പഠിക്കുന്നതിനൊപ്പം പരമാവധി ഭക്തർക്ക് ദർശനം ഉറപ്പാക്കുമെന്ന് ദേവസ്വം ബോർഡ് പ്രസിഡന്‍റ് പറഞ്ഞു.
പതിനെട്ടാംപടി കയറി വരുന്ന തീർത്ഥാടകരെ ശ്രീകോവിനു മുന്നിലേക്ക് നേരെ എത്തിക്കുന്ന രീതി ഇന്നലെയാണ് പരീക്ഷിച്ചു തുടങ്ങിയത്. മേൽപ്പാലം വഴി കടന്നു വരുമ്പോൾ നാലോ അഞ്ചോ സെക്കൻഡ് മാത്രമാണ് ദർശനത്തിന് കിട്ടുന്നതെങ്കിൽ ശ്രീകോവിലിന് നേരെ ചെല്ലുമ്പോൾ 20 മുതൽ 25 സെക്കൻഡ് വരെ ദർശനം ലഭിക്കും. ഇതിൽ തീർത്ഥാടകരും തൃപ്തരായിരുന്നു. പക്ഷേ ഇന്നു തിരക്കേറി. അതോടെ പഴയ രീതിയിൽ മേൽപ്പാലവും കൂടി ഉപയോഗിച്ചു. പുതിയ രീതിയുടെ പരിമിതികൾ പഠിച്ചു വരുകയാണെന്ന് ദേവസ്വം ബോർഡ് പ്രസിഡന്‍റ് പറഞ്ഞു.
മീനമാസ പൂജക്കാലത്തെ പരീക്ഷണത്തിനുശേഷം മേടമാസ പൂജക്കാലത്ത് സ്ഥിരം സംവിധാനമാക്കാൻ ആണ് പദ്ധതി. അടുത്തമാസം കൂടുതൽ പൊലീസ് എത്തും. 40 വർഷം മുൻപ് ഉള്ള ദർശന രീതി പുനസ്ഥാപിക്കാൻ പലവട്ടം ആലോചിച്ച എങ്കിലും ഇപ്പോഴാണ് ഇടപെടൽ ഉണ്ടാകുന്നത്.