മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട ചിത്രമായ 'രക്ഷാധികാരി ബൈജു'വിലേതിന് സമാനമായ രംഗങ്ങൾ ഈയിടെ കൊച്ചിയിൽ നടന്നു. പിന്നാലെ കളിക്കളം നഷ്ടപ്പെടാതിരിക്കാൻ പ്രതിഷേധവുമായി യൂത്ത് കോൺഗ്രസ് തെരുവിലേക്ക് ഇറങ്ങി.
ഇവിടെ പ്രശ്നം കളിക്കളം നഷ്ടപ്പെടുന്നതാണ്. കാലങ്ങളായി ക്രിക്കറ്റും സെവൻസ് ഫുട്ബോളും കളിച്ചുവന്നിരുന്ന സ്ഥലത്ത് ജിംനേഷ്യവും സ്റ്റേജും വന്നാൽ കളിസ്ഥലം കുറയും. അതിൽ പ്രതിഷേധിച്ച് കാൽ പന്തുമായി യുവാക്കൾ റോഡിലേക്കിറങ്ങി. പിന്നെ ഒരു ഫുട്ബോൾ കളി. റോഡ് ബ്ലോക്ക് ആയതോടെ പൊലീസ് എത്തി, എന്നിട്ടും സമരം വഴിയരികിൽ തുടർന്നു.
വൈപ്പിൻ എംഎൽഎ കെ എൻ ഉണ്ണികൃഷ്ണന്റെ ആസ്തി വികസന ഫണ്ടിൽ ഉൾപ്പെടുത്തി 'ഒരു പഞ്ചായത്തിൽ ഒരു കളിക്കളം' എന്ന ' പദ്ധതിയുടെ ഭാഗമായാണ് നവീകരണം ആരംഭിച്ചത്. 55.6 മീറ്റർ വീതിയും 67 മീറ്റർ നീളവുമാണ് മൈതാനത്തിനുള്ളത്. എന്നാൽ നവീകരണത്തോടെ കളിക്കളം 20 മീറ്റർ വീതിയും 40 മീറ്റർ നീളവുമായി ഒതുങ്ങും. 55 മീറ്റർ നീളവും 35.6 മീറ്റർ വീതിയും ഉള്ള കളിസ്ഥലം നീക്കിവയ്ക്കണമെന്നും കാണികൾക്കുള്ള സൗകര്യങ്ങൾ ഒരുക്കണമെന്നുമാണ് പ്രതിഷേധക്കാരുടെ ആവശ്യം.