psc-psu-appointments

നിയമനം പൂര്‍ണമായി പിഎസ്​സിക്ക് വിടാന്‍ സംസ്ഥാന മന്ത്രിസഭ തീരുമാനിച്ചിട്ടും പുല്ലുവില കല്‍പിച്ച് 31 പൊതുമേഖലാ സ്ഥാപനങ്ങള്‍. പ്രത്യേക ചട്ടം തയ്യാറാക്കാതെയാണ് ഇപ്പോഴും പിന്‍വാതില്‍ നിയമനങ്ങള്‍ ഈ സ്ഥാപനങ്ങള്‍ നടത്തുന്നത്. ഇതോടെ പെരുവഴിയിലായത് കഷ്ടപ്പെട്ട് പഠിച്ച് കമ്പനി,കോര്‍പറേഷന്‍ റാങ്ക് ലിസ്റ്റിലുള്ളവരാണ്. കേരള ഓട്ടോമൊബൈല്‍സ്, കേരള മെഡിക്കല്‍ സര്‍വീസ് കോര്‍പറേഷന്‍, കേരള അബ്കാരി വെല്‍ഫയര്‍ ബോര്‍ഡ് എന്നിങ്ങനെയുള്ള സ്ഥാപനങ്ങളാണ് പിന്‍വാതില്‍ നിയമനങ്ങള്‍ സജീവമായി നടത്തുന്നത്. 

അതേസമയം, നിയമനങ്ങള്‍  പിഎസ്​സിക്ക് വിടാന്‍ തീരുമാനിച്ചതല്ലാതെ കൈമാറിയോ എന്ന് സര്‍ക്കാര്‍ അന്വേഷിക്കാതെയും ഉറപ്പുവരുത്താതെയും ഇരിക്കുന്നതാണ് വെല്ലുവിളിയാകുന്നതെന്ന് ഉദ്യോഗാര്‍ഥികള്‍ പറയുന്നു. പ്രത്യേക ചട്ടം രൂപീകരിക്കാതെ ഒളിച്ചുകളി നടത്തുകയാണ് പൊതുമേഖലാ സ്ഥാപനങ്ങള്‍ ചെയ്യുന്നത്. നിയമനങ്ങള്‍ പിഎസ്​സിക്ക് വിട്ടാല്‍ താല്‍കാലിക ജീവനക്കാര്‍ക്ക് പണിപോകുമെന്ന് കണ്ടാണ് ബോര്‍ഡ് ചെയര്‍മാന്‍മാരും ഇതിന് കൂട്ടുനില്‍ക്കുന്നത്. 

10112 പേരാണ് സംസ്ഥാനത്തെ സംസ്ഥാനത്തെ പൊതുമേഖലാ സ്ഥാപനങ്ങളില്‍ അസിസ്റ്റന്‍റ്, ലാസ്റ്റ് ഗ്രേഡ് തസ്തികകള്‍ക്കായി പിഎസ്​സിയുടെ റാങ്ക് ലിസ്റ്റിലുള്ളത്. 31 പൊതുമേഖലാ സ്ഥാപനങ്ങളും നിയമനം പിഎസ്​സിക്കു വിട്ടാല്‍ ലിസ്റ്റിലുള്ള മുക്കാല്‍ ഭാഗം പേര്‍ക്കും ഇപ്പോള്‍ തന്നെ ജോലികിട്ടുമെന്നതാണ് വാസ്തവം. 

ENGLISH SUMMARY:

Despite the Kerala Cabinet's decision to entrust recruitments to the PSC, 31 public sector undertakings continue backdoor appointments, affecting rank list candidates.