padmakumar-cpm-action

വീണ ജോർജിനെ സംസ്ഥാന സമിതിയിൽ ക്ഷണിതാവാക്കിയതിനെ പരസ്യമായി ചോദ്യം ചെയ്ത എ.പത്മകുമാറിനെതിരെ കടുത്ത നടപടിക്ക് സിപിഎം. ജില്ല കമ്മിറ്റി അംഗമായ പത്മകുമാറിനെ പാർട്ടി പദവികളിൽ നിന്ന് നീക്കി തരംതാഴ്ത്തി ബ്രാഞ്ച് അംഗം മാത്രമാക്കാനാണ് നേതൃത്വത്തിന്‍റെ ആലോചന. നടപടി പാർട്ടി കോൺഗ്രസിന് ശേഷം ഉണ്ടാകുമെന്നാണ് റിപ്പോര്‍ട്ട്.

പാര്‍ട്ടിയെ വെല്ലുവിളിച്ച പത്മകുമാര്‍ പുറത്തേക്കുള്ള വഴിയാണ് ആഗ്രഹിക്കുന്നതെന്നാണ് സിപിഎമ്മിന്‍റെ നിഗമനം. അതുകൊണ്ടുതന്നെ അച്ചടക്കം ലംഘിച്ച പത്മകുമാറുമായി ഒരു ഒത്തുതീർപ്പിനും നേതൃത്വം തയ്യാറല്ല. കഴിഞ്ഞ ജില്ലാ കമ്മിറ്റിയിൽ നടപടി എടുത്തിരുന്നെങ്കിൽ അന്ന് തന്നെ ബിജെപിയിലേക്ക് ചേക്കേറാൻ ആയിരുന്നു പത്മകുമാറിന്റെ നീക്കങ്ങൾ എന്ന് പാർട്ടി തിരിച്ചറിഞ്ഞിരുന്നു. അതുകൊണ്ടാണ് വിവാദത്തിന്റെ വീര്യം കുറച്ച് നടപടിയിലേക്ക് നീങ്ങാമെന്ന് തീരുമാനിച്ചതെന്നുമാണ് ഉന്നത നേതാക്കള്‍ പറയുന്നത്.

പാർട്ടിക്കെതിരെ പരസ്യമായി പറയുകയും, താൻ പറഞ്ഞത് തെറ്റായിപ്പോയി പിന്നീട് പറയുകയും ചെയ്തത് പത്മകുമാറിന്‍റെ തന്ത്രമായാണ് സിപിഎം കരുതുന്നത്. പാർട്ടിയിൽ നിന്ന് പുറത്താക്കി പത്മകുമാറിന് വീരപരിവേഷം നൽകാനും സിപിഎം ആഗ്രഹിക്കുന്നില്ല. അതുകൊണ്ട് തെരഞ്ഞെടുക്കപ്പെട്ട എല്ലാ കമ്മറ്റികളിൽ നിന്നും ഒഴിവാക്കി ബ്രാഞ്ച് അംഗം  മാത്രമായി തരംതാഴ്ത്തിയേക്കും . പാർട്ടി കോൺഗ്രസിന് മുൻപുതന്നെ ജില്ലാ കമ്മിറ്റി ചേർന്ന് ഇക്കാര്യത്തിൽ തീരുമാനമെടുക്കണമെന്ന ആവശ്യം പാർട്ടിയിൽ ശക്തമാണ്. എന്നാൽ പാർട്ടി കോൺഗ്രസിനു ശേഷം സംസ്ഥാന നേതാക്കൾ പങ്കെടുക്കുന്ന ജില്ലാ കമ്മിറ്റി യോഗത്തിലാവും ഇക്കാര്യത്തിൽ തീരുമാനം ഉണ്ടാവുക. ഇതിനിടയിൽ പത്മകുമാർ വീണ്ടും വിമത ശബ്ദം ഉയർത്തിയാൽ പുറത്തേക്കുള്ള വഴിയും തുറന്നുകൊടുത്തേക്കുമെന്നാണ് സൂചന.

ENGLISH SUMMARY:

The CPM is set to demote A. Padmakumar to a branch member after he publicly questioned Veena George’s inclusion in the state committee. The decision is expected after the party congress.