ആശ വര്‍ക്കര്‍മാരുടെ സെക്രട്ടേറിയറ്റ് സമരം മുപ്പത്തഞ്ച് ദിനങ്ങള്‍ പിന്നിടുമ്പോഴും സര്‍ക്കാര്‍ തിരിഞ്ഞു നോക്കാത്തതോടെ കൂടുതല്‍ ശക്തമായ പോര്‍മുഖം തുറക്കാനൊരുങ്ങി സമരക്കാര്‍. നാളെ സെക്രട്ടേറിയറ്റിന്‍റെ എല്ലാ കവാടങ്ങളും ഉപരോധിക്കാന്‍ ആശമാര്‍ ഒരുങ്ങുമ്പോള്‍ നിര്‍ബന്ധിത പരിശീലനം പ്രഖ്യാപിച്ച് സമരത്തിനെത്തുന്നവരുടെ എണ്ണം കുറയ്ക്കാനാണ് ആരോഗ്യവകുപ്പിന്‍റെ നീക്കം. സമരത്തിന്‍റെ അടുത്ത ഘട്ടവും നാളെ പ്രഖ്യാപിക്കും.
കൊടുംചൂടിനോട്, സര്‍ക്കാരിന്‍റെ അവഗണനയോട് , നേതാക്കളുടെ അവഹേളനങ്ങളോട് തളരാതെ പൊരുതുകയാണ് ആശമാര്‍. അതിനിടയില്‍ മുപ്പത്തഞ്ച് ദിവസവും സമരമുഖത്തിരുന്ന് അസുഖം ബാധിച്ച ശ്രീലതയെ പോലുളളവരുണ്ട്. എന്നാല്‍ അരാഷ്ട്രീയ സംഘടനകളാണ് സമരത്തിനു പിന്നിലെന്നാണ് സര്‍ക്കാര്‍ ആവര്‍ത്തിക്കുന്നത്. കക്ഷി രാഷ്ട്രീയ ഭേദമന്യേ എല്ലാ വിഭാഗം ജനങ്ങളുടേയും പിന്തുണ നേടാന്‍ ആശമാര്‍ക്കായതോടെ സമരം പൊളിക്കാന്‍ നാളെ കിടപ്പുരോഗികളെ പരിചരിക്കുന്നതിനുളള പരിശീലന പരിപാടി പ്രഖ്യാപിച്ചിരിക്കുകയാണ് ആരോഗ്യവകുപ്പ്.
ഇഷ്ടക്കാര്‍ക്ക് വാരിക്കോരി കൊടുക്കുമ്പോഴും സാധാരണക്കാരില്‍ സാധാരണക്കാരായ തൊഴിലാളി വിഭാഗത്തെ കമ്യൂണിസ്റ്റ് സര്‍ക്കാര്‍ തീര്‍ത്തും അവഗണിക്കുന്നുവെന്ന പൊതുബോധം സൃഷ്ടിച്ചാണ് ആശമാരുടെ പോരാട്ടം തുടരുന്നത്.സമ്മര്‍ദ്ദം ശക്തമാക്കാനാണ് സെക്രട്ടേറിയറ്റ് ഉപരോധം.