ആശമാരുടെ സെക്രട്ടറിയേറ്റ് ഉപരോധം പൊളിക്കാന്‍ സര്‍ക്കാര്‍. ഉപരോധ ദിവസം ആശമാര്‍ക്ക് വിവിധ പരിശീലന പരിപാടികള്‍ നിശ്ചയിച്ചാണ് ഉപരോധത്തില്‍ പങ്കെടുക്കുന്ന ആശമാരെ വളഞ്ഞ വഴിയിലൂടെ വിലക്കാന്‍ ശ്രമം. നീക്കം വിലപ്പോകില്ലെന്നും ഉപരോധം വന്‍ വിജയമാകുമെന്നും സമരക്കാര്‍ പറഞ്ഞു.
തിങ്കളാഴ്ചയാണ് ആശമാരുടെ സെക്രട്ടറിയേറ്റ് ഉപരോധ സമരം. സമരത്തിന്‍റെ നിര്‍ണയകമായ അടുത്തഘട്ടം. കാസര്‍ഗോഡ് മുതല്‍ തിരുവനന്തപുരം വരെ പതിനാല് ജില്ലകളില്‍ നിന്നും ആയിരക്കണക്കിന് ആശമാര്‍ സമരത്തില്‍ പങ്കെടുക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഉപരോധത്തില്‍ പങ്കെടുക്കുന്നതില്‍ നിന്ന് ആശമാരെ നേരിട്ട് വിലക്കാന്‍ സര്‍ക്കാരിന് കഴിയില്ല. അതുകൊണ്ടാണ് വളഞ്ഞ വഴി. ഉപരോധ ദിവസം ആശമാര്‍ക്ക് വിവിധ ജില്ലകളില്‍ പരിശീലന പരിപാടികള്‍ നിശ്ചയിച്ചു. തിരുവനന്തപുരം, കൊല്ലം, കോട്ടയം, ആലപ്പുഴ, ഇടുക്കി തുടങ്ങിയ ജില്ലകളില്‍ പാലിയേറ്റീവ് ഗ്രിഡ് പരിശീലന പരിപാടിയാണ് പ്രഖ്യാപിച്ചിരിക്കുന്നത്. പരിശീലനത്തില്‍ ആശമാര്‍ നിര്‍ബന്ധമായും പങ്കെടുക്കണമെന്നും, പങ്കെടുത്തവരുടെ പേര് വിവരങ്ങള്‍ ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അതേദിവസം തന്നെ ജില്ലാ തലത്തിലേക്ക് അയക്കണമെന്നും നാഷണല്‍ ഹെല്‍ത്ത് മിഷന്‍ ജില്ലാ പ്രോഗ്രാം ഓഫീസര്‍മാര്‍ അയച്ച സര്‍ക്കുലറുകളില്‍ പറയുന്നു. ഇതുകൊണ്ടൊന്നും ഉപരോധ സമരം പൊളിക്കാന്‍ സര്‍ക്കാരിന് കഴിയില്ലെന്ന് സമരക്കാര്‍. തിങ്കളാഴ്ച നടക്കുന്ന ഉപരോധ സമരത്തില്‍ പങ്കെടുക്കാന്‍ വിവിധ ജില്ലകളില്‍ നിന്നും ആശമാര്‍ എത്തിത്തുടങ്ങിയിട്ടുണ്ട്.