ആശാ വര്‍ക്കര്‍മാരുടെ 36 ദിവസം നീണ്ട രാപ്പകല്‍ സമരം ഇന്ന് നിര്‍ണായക ഘട്ടത്തിലേയ്ക്ക്. രാവിലെ 9.30 മുതല്‍ സെക്രട്ടേറിയറ്റ് ഉപരോധിക്കും. സമരത്തിന്‍റെ അടുത്ത ഘട്ടവും ഇന്ന് പ്രഖ്യാപിക്കും. ഉപരോധ സമരത്തെ പ്രതിരോധിക്കാന്‍ ആശമാര്‍ക്ക് വിവിധ ജില്ലകളില്‍ ഒൗദ്യോഗിക പരിശീലന പരിപാടി സംഘടിപ്പിച്ചിരിക്കുകയാണ് എന്‍.എച്ച്.എം അധികൃതര്‍. എന്നാല്‍ ഇതവഗണിച്ച് സമരത്തിനെത്തുമെന്ന നിലപാടിലാണ് ആശാ വര്‍ക്കര്‍മാര്‍. ഒാണറേറിയം വര്‍ധിപ്പിക്കുക, അഞ്ച് ലക്ഷം രൂപ വിരമിക്കല്‍ ആനുകൂല്യം പ്രഖ്യാപിക്കുക എന്നിവയാണ് ആശമാരുടെ ആവശ്യങ്ങള്‍. ഇതിനിടെ 'ആശ'മാരുെട സെക്രട്ടേറിയറ്റ് മാര്‍ച്ച് നേരിടാന്‍ വന്‍ സുരക്ഷ സന്നാഹം ഏര്‍പ്പെടുത്തി. സെക്രട്ടേറിയറ്റ് ഗേറ്റുകള്‍ അടച്ചിടും.
സമരം ചെയ്ത ആശാവര്‍ക്കര്‍മാര്‍ക്ക് എന്‍.എച്ച് എം വേതനം നിഷേധിച്ചിരിക്കയാണ്. ഫെബ്രുവരി10 ന് സമരം തുടങ്ങുന്നതിനു മുമ്പുളള ഒന്‍പത് ദിവസത്തെ വേതനവും ആനുകൂല്യങ്ങളുമാണ് നിഷേധിച്ചത്. സമരത്തില്‍ പങ്കെടുക്കാത്തവര്‍ക്ക് ഫെബ്രുവരിയിലെ വേതനം നല്കിയപ്പോഴാണ് വിവേചനം വെളിപ്പെട്ടത്. വേതനത്തിന് മാനദണ്ഡമാക്കാന്‍ വിവരങ്ങള്‍ രേഖപ്പെടുത്തുന്ന പോര്‍ട്ടലില്‍ സമരം ചെയ്യുന്നവരുടെ വിവരങ്ങള്‍ അപ് ലോഡ് ചെയ്തിട്ടില്ലെന്നും ആശമാര്‍ മനോരമ ന്യൂസിനോട് പറഞ്ഞു. ഉപരോധസമരത്തില്‍ പങ്കെടുക്കാതിരിക്കാന്‍ തുണ്ടു പേപ്പറുകളില്‍ നല്കിയ പരിശീലന ഉത്തരവും ആശമാര്‍ പുറത്തുവിട്ടു