സർക്കാർ അവഗണനയ്ക്കെതിരെ കരുത്തുകാട്ടി സെക്രട്ടേറിയറ്റ് ഉപരോധിച്ചതിന് പിന്നാലെ അനിശ്ചിതകാല നിരാഹാര സമരം പ്രഖ്യാപിച്ച് ആശാ പ്രവർത്തകർ. 6 മണിക്കൂറിലേറെ നീണ്ട എം.ജി. റോഡ് ഉപരോധത്തിനിടെ എട്ട് ആശമാർ തളർന്നുവീണു. ആശമാരുടെ ആവശ്യങ്ങൾക്ക് വഴങ്ങിയ സർക്കാർ ഓണറേറിയത്തിനുള്ള മാനദണ്ഡങ്ങൾ പിൻവലിച്ച് ഉത്തരവിറക്കി. ആശമാരുടെ ആവശ്യത്തിന് പിന്തുണയുമായി പ്രതിപക്ഷ നേതാക്കളും സാംസ്കാരിക പ്രവർത്തകരും സമരവേദിയിലെത്തി.
അവകാശങ്ങൾ നേടാൻ അവഹേളനങ്ങളോട് തോൽക്കാതിരിക്കാൻ ആശാ പ്രവർത്തകർ ഒത്തുകൂടി. 232 രൂപ ദിവസക്കൂലി 700 ആക്കണമെന്ന് ആവശ്യപ്പെട്ട് ആശമാരുടെ സംഘങ്ങൾ സമരഗേറ്റിന് സമീപത്തേക്ക് നീങ്ങി. പണി കളയുമെന്ന സിഐടിയു യൂണിയൻ്റെ ഭീഷണിയിൽ പതറാതെയാണ് സമരത്തിനെത്തിയതെന്ന് ആശമാർ പറഞ്ഞു. 36 ദിവസമായി തിരിഞ്ഞുനോക്കാത്ത സർക്കാരിനെതിരെ ആശമാർ എങ്ങനെ നീങ്ങുമെന്നറിയാതെ വൻ പൊലീസ് സംഘം സെക്രട്ടേറിയറ്റിന് ചുറ്റും നിലയുറപ്പിച്ചു.
832 പൊലീസുകാരെ ഉപയോഗിച്ചാണ് സർക്കാർ സെക്രട്ടേറിയറ്റിൻ്റെ പ്രവർത്തനം തടസ്സപ്പെടാതെ നോക്കിയത്. പൊലീസ് വലയത്തിനുള്ളിലൂടെ മാർച്ച് ചെയ്ത ആശമാർ സമരഗേറ്റിൽ കുത്തിയിരുന്നു. പിന്നീട് റോഡിൽ കിടന്നു പ്രതിഷേധിച്ചു. ഇതിനിടെ ആശമാരെ തണുപ്പിക്കാൻ സർക്കാർ നീക്കം നടത്തി. നിലവിലുള്ള ഓണറേറിയം ലഭിക്കാൻ ഏർപ്പെടുത്തിയിരുന്ന 10 നിബന്ധനകൾ പിൻവലിച്ചു.
ആവശ്യങ്ങളിൽ ഒന്നുമാത്രമാണ് നടപ്പാക്കിയതെന്നും സമരം കടുപ്പിക്കുമെന്നും ആശമാർ അറിയിച്ചു. സമരസമിതി നേതാവ് എം.എ. ബിന്ദുവും 2 ആശാ വർക്കർമാരും അനിശ്ചിതകാല നിരാഹാര സമരം തുടങ്ങുമെന്ന് പ്രഖ്യാപിച്ചു. 36 ദിവസം പൊരിവെയിലിലിരുന്ന് കുഴഞ്ഞുവീണ ഓരോരുത്തരെയായി ആശുപത്രിയിലേക്ക് മാറ്റി. നിരവധി പ്രതിപക്ഷ നേതാക്കൾ ആശമാർക്ക് പിന്തുണയുമായെത്തി. എം.ജി. റോഡിലൂടെ വാഹനം കടത്തിവിടാൻ പൊലീസ് ശ്രമിച്ചെങ്കിലും ആശമാർ ഇരമ്പിയാർത്ത് തടഞ്ഞു.