കഴിഞ്ഞദിവസം കൈക്കൂലി കേസിൽ പിടിയിലായ ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ ഡെപ്യൂട്ടി മാനേജർ അലക്സ് മാത്യു കോളേജ് പഠനകാലത്ത് അഴിമതി വിരുദ്ധ പോരാട്ടത്തിന് മുന്നണി പോരാളി യായിരുന്നു. വിദ്യാർഥിയായിരിക്കെ മാർ ഇവാനിയോസ് കോളജിൽ സ്വതന്ത്ര സംഘടനയുടെ ഭാഗമായി നിന്ന് അഴിമതിവിരുദ്ധ പോരാട്ടം നടത്തുകയും കോളജ് ചെയർമാനായി ജയിക്കുകയും ചെയ്ത ചരിത്രം അലക്സിനുണ്ട്. 1984ൽ രൂപംകൊണ്ട ഇൻഡിപെൻഡന്റ് സ്റ്റുഡന്റ്സ് മൂവ്മെന്റ് എന്ന സംഘടനയുടെ സ്ഥാനാർഥിയായി മത്സരിച്ചാണ് അലക്സ് ചെയർമാനായത്. കെഎസ്‌യു, എസ്എഫ്ഐ എന്നിവയ്ക്കെതിരായ ബദൽ എന്ന നിലയിലാണ് അലക്സ് ഉൾപ്പെടെയുള്ള ഏതാനും വിദ്യാർഥികൾ ചേർന്നു സംഘടനയ്ക്കു രൂപം നൽകിയത്.
അതേസമയം പാചകവാതക വിതരണ ഏജൻസി ഉടമയിൽ നിന്നു കൈക്കൂലി വാങ്ങുന്നതിനിടെ അറസ്റ്റിലായ ഇന്ത്യൻ ഓയിൽ കോർപറേഷന്റെ ഡപ്യൂട്ടി ജനറൽ മാനേജർ അലക്സ് മാത്യുവിനെ കസ്റ്റഡിയിൽ ആവശ്യപ്പെട്ടു വിജിലൻസ് ഉടൻ അപേക്ഷ നൽകിയേക്കും. കോടതി ഈ മാസം 29 വരെ അലക്സ് മാത്യുവിനെ റിമാൻഡ് ചെയതിരുന്നു. കൈക്കൂലി വാങ്ങിയതിനു പുറമെ അനധികൃത സ്വത്ത് സമ്പാദനത്തിനും കേസെടുത്തിട്ടുണ്ട്. അലക്സിന്റെ അക്കൗണ്ടുകളും ബെനാമി പേരിൽ ഭൂമി വാങ്ങിച്ചിട്ടുണ്ടോ എന്നതടക്കം വിജിലൻസ് പരിശോധിക്കുന്നുണ്ട്.
അലക്സ് മാത്യുവിന്റെ പക്കൽ നിന്നു പിടിച്ചെടുത്ത വസ്തുക്കൾ വിജിലൻസ് സംഘം കോടതിയിൽ സമർപ്പിച്ചു. 3.07 ലക്ഷം രൂപ, കാർ, മൊബൈൽ ഫോൺ എന്നിവയാണു ഹാജരാക്കിയത്. കൊല്ലം കടയ്ക്കലിലെ പാചകവാതക ഏജൻസി ഉടമയായ എസ്. മനോജ് നൽകിയ 2 ലക്ഷം രൂപയുടെ കൈക്കൂലിയും അലക്സിന്റെ കാറിനുള്ളിൽ കണ്ടെത്തിയ ഒരു ലക്ഷത്തോളം രൂപയുമാണ് സ്പെഷൽ ഇൻവെസ്റ്റിഗേഷൻ യൂണിറ്റ് ഒന്ന് ഡിവൈഎസ്പി ഷിബു പാപ്പച്ചന്റെ നേതൃത്വത്തിൽ പിടിച്ചെടുത്തത്