ലഹരിക്കെതിരെയുള്ള പോരാട്ടം സംസ്ഥാനം ശക്തമാക്കുമ്പോള്‍ അടിസ്ഥാന സൗകര്യങ്ങള്‍ പോലും ഇല്ലാതെ നട്ടംതിരിയുകയാണ് എക്സൈസ് വകുപ്പ്. ആവശ്യത്തിനു ജീവനക്കാരും വാഹനങ്ങളും ഇല്ലാതെ പരിശോധനയ്ക്ക് പോലും പൊലീസിനെ ആശ്രയിക്കേണ്ട അവസ്ഥയാണ്.
സ്കൂളുകളിലും കോളജുകളിലും അടക്കം ലഹരി മാഫിയ പിടിമുറുക്കുമ്പോഴാണ് എക്സൈസ് വകുപ്പ് കിതയ്ക്കുന്നത്. വകുപ്പിന്‍റെ നട്ടെല്ലായ ഇന്‍റലിജന്‍സ് വിഭാഗത്തില്‍ പോലും മതിയായ ജീവനക്കാരില്ല, കേസുകള്‍ കണ്ടെത്തി പിടികൂടേണ്ട സിവില്‍ എക്സൈസ് ഓഫീസര്‍, പ്രിവന്‍റീവ് ഓഫീസര്‍ , അസി. ഇന്‍സ്പെകടര്‍ എന്നീ തസ്തികകള്‍ 1968 ന് ശേഷം ഒന്നു പോലും വര്‍ധിപ്പിച്ചിട്ടില്ല. ന്യൂജന്‍ വഴികളില്‍ ലഹരി പടരുന്ന കാലത്ത് 56 വര്‍ഷം മുമ്പത്തെ സ്റ്റാഫ് പാറ്റേണ്‍ വെച്ച് എങ്ങനെ പ്രവര്‍ത്തിക്കുമെന്നാണ് ജീവനക്കാരുടെ ചോദ്യം.കോഴിക്കോട് ജില്ലയില്‍ മാത്രം എക്സൈസിലെ 25 ഉദ്യോഗസ്ഥര്‍പലയിടങ്ങളിലായി സ്പെഷല്‍ ഡ്യൂട്ടിയിലാണ്. വാഹനത്തിന്‍റെ കാര്യമാകത്തെ അതിലും പരിതാപകരമാണ്.15 വര്‍ഷം കഴിഞ്ഞ വാഹനങ്ങള്‍ ഒഴിവാക്കിയതില്‍പിന്നെ ജില്ലയിലെ അഞ്ച് യൂണിറ്റുകള്‍ക്കും സ്വന്തമായി വണ്ടിയില്ല.ലഹരി പടരുന്ന വഴി അറിയാന്‍ നിയോഗിച്ച രണ്ട് സൈബര്‍ ഉദ്യോഗസ്ഥരില്‍ ഒരാള്‍ ഇപ്പോള്‍ ഡിസ്റ്റിലറിയില്‍ ഡ്യൂട്ടിയിലാണ്.സൈബര്‍ സഹായങ്ങള്‍ക്കടക്കം നിലവില്‍ പൊലീസിനെയാണ് ആശ്രയിക്കുന്നത്. ഓരോ ദിവസവും പുതിയ രീതിയിലും ഭാവത്തിലും ലഹരി മാഫിയ നമ്മുക്കിടിയില്‍ പ്രചരിക്കുന്ന കാലത്താണ് അതിന് തടയിടേണ്ട എക്സൈസ് വകുപ്പിങ്ങനെ പരാധീനയതിയില്‍ ഓടുന്നത്. അടിയന്തരമായി പരിമിതികള്‍ക്ക് പരിഹാരം കാണാന്‍ സര്‍ക്കാര്‍ തയ്യാറാകണം.