കനത്ത മഴയെത്തുടർന്ന് കോഴിക്കോട് കോവൂർ മോറ ബസാറിൽ ഓടയിൽ വീണയാളെ കാണാതായി. പാലാഴി സ്വദേശി ശശിയെയാണ് കാണാതായത്. അഗ്നിരക്ഷാസേന സ്ഥലത്തെത്തി തിരച്ചിൽ നടത്തുകയാണ്. മാവൂർ റോഡിൽ കനത്ത മഴയെ തുടർന്ന് രൂക്ഷമായ വെള്ളക്കെട്ടും രൂപപ്പെട്ടിട്ടുണ്ട്.
ആലപ്പുഴ കൊടുപ്പുന്നയിൽ പാടത്ത് ക്രിക്കറ്റ് കളിക്കുകയായിരുന്ന യുവാവ് ഇടിമിന്നലേറ്റ് മരിച്ചു. ഒരാൾക്ക് പരുക്കേറ്റു. കൊടുപ്പുന്ന പുതുവൽ വീട്ടിൽ ശ്രീനിവാസന്റെ മകൻ അഖിൽ പി. ശ്രീനിവാസനാണ് മരിച്ചത്. 29 വയസ്സുണ്ട്. കളിക്കിടെ ഫോണിൽ സംസാരിക്കുമ്പോഴായിരുന്നു മിന്നലേറ്റത്. ഫോൺ പൊട്ടിത്തെറിച്ച് ചെവിയുടെയും തലയുടെയും നെഞ്ചിൻ്റെ ഭാഗത്തും പൊള്ളലേറ്റു. ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
പാലക്കാട് തൃത്താല കൊപ്പത്ത് എറയൂർ ക്ഷേത്രോത്സവത്തിനിടെ രണ്ടുപേർക്ക് മിന്നലേറ്റു. ഘോഷയാത്ര പാടത്തുകൂടി പോകുമ്പോളാണ് മിന്നലേറ്റത്. ഇവരെ പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
പാലക്കാട് കൊപ്പം വിളത്തൂരിൽ മിന്നലേറ്റ് കിടക്ക നിർമ്മാണ കമ്പനിയിൽ തീപിടിത്തം. പാറക്കൽ മൂസയുടെ ഉടമസ്ഥതയിലുള്ള കമ്പനിയിലാണ് രാത്രി ഏഴ് മണിയോടെ തീപിടിച്ചത്. പട്ടാമ്പി അഗ്നിശമനസേന രണ്ട് മണിക്കൂർ നീണ്ട പരിശ്രമത്തിനൊടുവിലാണ് തീയണച്ചത്.