ഉരുൾപൊട്ടൽ ദുരന്തബാധിതരുടെ ടൌൺഷിപ്പിന് സർക്കാർ കണ്ടെത്തിയ എൽസ്റ്റൺ എസ്റ്റേറ്റിലെ തൊഴിലാളികൾക്ക് ആനുകൂല്യമിനത്തിൽ കിട്ടാനുള്ളത് 11 കോടിയിലേറെ രൂപ. ആനുകൂല്യങ്ങൾ അനുവദിക്കാതെ ഭൂമി ഏറ്റെടുക്കുന്നതിനെതിരെ വരുന്ന 22 ന് തൊഴിലാളികൾ കലക്ടറേറ്റിനു മുന്നിൽ പ്രതിഷേധിക്കും. ആനുകൂല്യങ്ങൾ അനുവദിച്ചില്ലെങ്കിൽ എസ്റ്റേറ്റിൽ നിന്ന് ഇറങ്ങില്ലെന്നാണ് തൊഴിലാളികളുടെ നിലപാട്
60 ഹെക്ടർ ഭൂമിയാണ് ടൗൺഷിപ്പിനായി എസ്റ്റേറ്റിൽ നിന്ന് ഏറ്റെടുക്കേണ്ടത്. അടുത്ത 27 ന് തറക്കല്ലിടാനിരിക്കെ ആശങ്കയിലാണ് എസ്റ്റേറ്റിലെ തൊഴിലാളികൾ. വർഷങ്ങളായി തൊഴിലാളികൾക്ക് ആനുകൂല്യങ്ങൾ മുടങ്ങിയിട്ട്. പി.എഫും ബോണസും മെഡിക്കൽ ആനുകൂല്യങ്ങളെല്ലാം മുടങ്ങി. ഇതൊന്നും അനുവദിക്കാതെ ടൗൺഷിപ്പിന്റെ മറവിൽ തങ്ങളെ പിരിച്ചു വിടാൻ നീക്കം നടക്കുന്നതായാണ് ആശങ്ക. തൊഴിലാളികൾക്ക് മുഴുവൻ ആനുകൂല്യങ്ങൾ അനുവദിക്കണമെന്നാവശ്യപ്പെട്ട് സംയുക്ത ട്രേഡ് യൂണിയൻ 22 ന് കലക്ട്രേറ്റിനു മുന്നിൽ സത്യഗ്രഹം നടത്തും
300 ഓളം തൊഴിലാളികൾക്കായി 11 കോടിക്കു മുകളിൽ ആനുകൂല്യങ്ങളാണ് ലഭിക്കാനുള്ളത്. തൊഴിൽ നഷ്ടഭീതി വേറെയും. ഒരു തവണ പോലും തങ്ങളെ ചർച്ചക്കു വിളിച്ചില്ലെന്നും ആശങ്ക സർക്കാർ പരിഗണിക്കണമെന്നുമാണ് ആവശ്യം. ടൗൺഷിപ്പിനെ സ്വാഗതം ചെയ്യുന്നുവെന്നും ആനുകൂല്യങ്ങൾ ലഭിക്കാതെ എസ്റ്റേറ്റിൽ നിന്നിറങ്ങില്ലെന്നുമാണ് തൊഴിലാളികളുടെ നിലപാട്..