കൊച്ചി വൈറ്റിലയിൽ പൊളിച്ചു പണിയാനുള്ള ചന്ദർ കുഞ്ജ് ആർമി ഫ്ലാറ്റുകളിലെ താമസക്കാർക്ക് നൽകേണ്ട വാടകയിൽ തർക്കം തുടരുന്നു. കളക്ടറുടെ അധ്യക്ഷതയിലുള്ള സമിതി ആവശ്യപ്പെട്ടിട്ടും വാടക പ്രത്യേകം നൽകാനാവില്ലെന്ന നിലപാടിലാണ് എ ഡബ്ല്യു എച്ച് ഒ. വാടകയിൽ തീരുമാനമായില്ലെങ്കിൽ പൊളിക്കൽ നടപടികൾ വൈകാനാണ് സാധ്യത.
ഫ്ലാറ്റുകൾ പൊളിച്ചു പുതിയത് പണിയണമെന്നുള്ള ഹൈക്കോടതി ഉത്തരവ് പുറത്തുവന്നതിന് പിന്നാലെ തുടങ്ങിയതാണ് വാടക സംബന്ധിച്ച തർക്കം. പൊളിക്കാനും പുതിയ ഫ്ലാറ്റുകൾ പണിയാനും കോടതി എ ഡബ്ലിയു എച്ച് ഒയോട് ആവശ്യപ്പെട്ടത് 175 കോടി. ഇതിനുപുറമേ ഫ്ലാറ്റുകളിൽ നിന്ന് മാറി താമസിക്കുന്നവരുടെ വാടക കൂടി നൽകേണ്ടതുണ്ട്. എന്നാൽ, വാടകയിനത്തിൽ അധിക തുക നൽകാൻ ഒരുക്കമല്ല എന്ന് ഇന്നലെ ചേർന്ന സമിതി യോഗത്തിൽ എ ഡബ്ലിയു എച്ച് ഒ ആവർത്തിച്ചു.ഇതോടെ നിലവിലെ താമസക്കാരെ മാറ്റിപ്പാർപ്പിക്കാനുള്ള നടപടി വൈകും.
ഫ്ലാറ്റ് പൊളിക്കലുമായി ബന്ധപ്പെട്ട് രണ്ട് സബ് കമ്മിറ്റികള്‍ രൂപീകരിച്ചിട്ടുണ്ട്. ഫ്ലാറ്റ് പൊളിക്കലും പുനര്‍ നിർമ്മാണവും ഒരു കമ്മിറ്റിയും റവന്യൂ ക്ലിയറന്‍സ് നടപടികൾക്കായി മറ്റൊരു കമ്മിറ്റിയും. കഴിഞ്ഞയാഴ്ച സാങ്കേതിക വിദഗ്ധരുടെ സംഘം ഫ്ലാറ്റുകൾ സന്ദർശനം നടത്തിയതിന്റെ റിപ്പോർട്ടും സമിതി ചർച്ച ചെയ്തു. ആറുമാസത്തിനുള്ളിൽ പുളിക്കൽ നടപടികൾ പൂർത്തിയാക്കുകയാണ് ലക്ഷ്യം. മരട് ഫ്ലാറ്റുകൾ പൊളിച്ച അതേ മാതൃകയിൽ, അന്ന് നേതൃത്വം നൽകിയ കമ്പനികളുടെ സഹായത്തോടെയാണ് പൊളിക്കൽ നടപടികൾ. പൊളിക്കുന്ന ബി സി ടവറുകൾക്ക് സമീപത്തെ എ ടവറിലും സുരക്ഷാ പരിശോധന നടത്തും.