കേരളത്തിലെ നോക്കുകൂലി പ്രവണതയെക്കുറിച്ച് കേന്ദ്രമന്ത്രി നിർമലാ സീതാരാമൻ വിമർശനം ഉന്നയിച്ച് മണിക്കൂറുകൾ പിന്നിടും മുൻപ് സിമന്‍റ് വ്യാപാരിയെ പ്രതിസന്ധിയിലാക്കി സി.ഐ.ടി.യു. പാലക്കാട് ഷൊര്‍ണൂര്‍ കുളപ്പുള്ളിയിലാണ് ഹൈക്കോടതി ഉത്തരവുണ്ടായിരുന്നിട്ടും യന്ത്ര സഹായത്തോടെ ലോഡ് ഇറക്കുന്നതിനെ എതിർത്ത് സി.ഐ.ടി.യു സ്ഥാപനത്തിന് മുന്നിൽ പന്തൽ കെട്ടി സമരം തുടങ്ങിയത്. പലപ്പോഴും ലോഡ് ഇറക്കാതെ തന്നെ സി.ഐ.ടി.യു തൊഴിലാളികള്‍ സംഘടിച്ച് വന്ന് നോക്കുകൂലി വാങ്ങിയിട്ടുണ്ടെന്ന് വ്യാപാരി സി.ജയപ്രകാശ് മനോരമ ന്യൂസിനോട്.
നിർമല സീതാരാമൻ പറഞ്ഞതിലെ നെല്ലും പതിരും തിരയുന്നതിനിടയിലാണ് കുളപ്പുള്ളിയിലെ സമരം. അവകാശസമരമെന്ന് സി.ഐ.ടി. യുവും അന്നം മുട്ടിക്കാനുള്ള നോക്കുകൂലി സമരമെന്ന് വ്യാപാരികളും. കടയിലേക്ക് ലോറിയിൽ നിന്നും സിമന്‍റിറക്കാൻ വ്യാപാരി കണ്ടെത്തിയ യന്ത്ര സംവിധാനം സി.ഐ.ടി.യു അംഗീകരിക്കാത്തതിനാൽ ഉടമ ഹൈക്കോടതിയിൽ നിന്നും അനുകൂല ഉത്തരവും സമ്പാദിച്ചിരുന്നു.
ചാക്കിന് 7 രൂപ 90 പൈസ നിരക്കിൽ രണ്ട് തൊഴിലാളികളെ ഉപയോഗിച്ച് ലോഡിറക്കാൻ ഉടമ തയ്യാറാണ്. എന്നാൽ ആറ് തൊഴിലാളികൾക്ക് കൂലി വേണമെന്ന് സി.ഐ.ടി.യു. നോക്കുകൂലി സമരമല്ലെന്ന സി.ഐ.ടി.യുവിന്‍റെ നിലപാടിനെ വ്യാപാരികൾ തള്ളുകയാണ്. ഒരാളെപ്പോലും ചുമതലപ്പെടുത്താതെ സിമന്‍റിറക്കാന്‍ കഴിയുമായിരുന്നിട്ടും വിട്ടുവീഴ്ചയ്ക്ക് തയ്യാറായ വ്യാപാരിയെ സി.ഐ.ടി.യു ചൂഷണം ചെയ്യുന്നുവെന്നാണ് വിമർശനം.