കോട്ടയത്ത് ഇന്നലെ രാത്രിയിൽ ഉണ്ടായ ശക്തമായ മഴയിൽ നാശനഷ്ടങ്ങളും വൻകൃഷി നാശവും.. ശക്തമായ കാറ്റിൽ 50ലധികം വൈദ്യുതി പോസ്റ്റുകൾ ഒടിഞ്ഞതോടെ നഗരത്തിലെ ഉൾപ്പെടെ വൈദ്യുതി ബന്ധം വിച്ഛേദിക്കപ്പെട്ടു. റോഡിലേക്ക് വീണ മരങ്ങൾ ഉൾപ്പെടെ വെട്ടി മാറ്റി ഗതാഗതം പുനഃസ്ഥാപിsച്ചിട്ടുണ്ട്
തിരുനക്കരപൂരം കൂടാൻ ആയിരക്കണക്കിനാളുകൾ തടിച്ചുകൂടിയ കോട്ടയം ടൗണിൽ രാത്രി 7 മണിയോടെയാണ് അതിശക്തമായ കാറ്റും മഴയുമുണ്ടായത്. പൂരത്തിന്റെ പ്രധാന ചടങ്ങുകൾ പൂർത്തിയായതിന് പിന്നാലെ ആയിരുന്നു ശക്തമായ മഴ. ഒരു മണിക്കൂറിൽ അധികം നീണ്ടുനിന്ന മഴയ്ക്കും മണിക്കൂറിൽ 50 കിലോമീറ്റർ വേഗത്തിൽ വീശിയടിച്ച കാറ്റിനുമൊടുവിൽ വൻ നാശനഷ്ടം.. ശക്തമായ കാറ്റിന് പിന്നാലെ വിച്ഛേദിക്കപ്പെട്ട വൈദ്യുതിബന്ധം ഇതുവരെയും പുനസ്ഥാപിക്കാൻ കഴിഞ്ഞിട്ടില്ല. കുമരകം ബോട്ട് ജെട്ടിക്ക് സമീപം മരം വീണ് ഗതാഗതം തടസ്സപ്പെട്ടു. നഗരത്തോട് ചേർന്ന് കിടക്കുന്ന ഈരയിൽക്കടവിലും കോട്ടയം ഏറ്റുമാനൂർ റൂട്ടിലും കോട്ടയം കുമരകം റൂട്ടിലുമാണ് നാശനഷ്ടങ്ങൾ ഏറെയും.. റോഡിലേക്ക് വീണ മരങ്ങൾ വെട്ടിമാറ്റി ഗതാഗതം പുനഃസ്ഥാപിച്ചിട്ടുണ്ട്.ചെങ്ങളത്തും കുമരകത്തും സംഭരണം മുടങ്ങിക്കിടന്ന നെല്ലിൽ വെള്ളം കയറി. ശക്തമായ കാറ്റിൽ പച്ചക്കറി, വാഴ കൃഷികൾ നശിച്ചു. കോട്ടയം മെഡിക്കൽ കോളജ് ട്രോമാകെയർ ഐസിയുവിന്റെ കൂട്ടിരിപ്പ് കേന്ദ്രം മഴയിൽ ചോർന്നു. കൂട്ടിരിപ്പുകാർക്കായി ആശുപത്രി പകരം സംവിധാനം ഏർപ്പെടുത്തി. ഇന്ന് രാത്രിയോടെ ഭൂരിഭാഗം സ്ഥലങ്ങളിലും വൈദ്യുതി ബന്ധം പുനസ്ഥാപിക്കുമെന്ന് കെഎസ്ഇബി അറിയിച്ചു