ലഹരിക്കെതിരെയുള്ള നടപടികള്‍ കൂടുതല്‍ ശക്തമാക്കാനും ഏകോപിപ്പിക്കാനും സര്‍ക്കാര്‍. ലഹരി വസ്തുക്കള്‍ വരുന്ന വഴികള്‍ തടയുക , ലഹരി വിരുദ്ധ കാംപെയ്ന്‍ വിപുലമാക്കുക എന്നിവ നാളെ മുഖ്യമന്ത്രി വിളിച്ചുചേര്‍ക്കുന്ന യോഗം ചര്‍ച്ചചെയ്യും. പൊലീസ്, എക്സൈസ് തുടങ്ങിയ പ്രധാന വകുപ്പുകളുമായാണ് ആദ്യഘട്ട ആശയവിനിമയം.
ലഹരിയുടെ ഉറവിടം , അതുവരുന്ന വഴി, വിതരണ സൃംഘല എന്നിവ കണ്ടെത്തി തടയണം. ലഹരി വിരുദ്ദ പ്രചരണം യുവജനങ്ങളിലേക്ക് എത്തിക്കണം. ഇവയാണ് യോഗം പ്രധാനമായും ചര്‍ച്ചചെയ്യുക . പൊലീസ് എക്സൈസ് വകുപ്പുകളാണ് ഇതില്‍ പ്രധാന ചുമതല വഹിക്കേണ്ടത്. ഇത് എങ്ങിനെ കൂടുതല്‍ ഫലപ്രദമായി ചെയ്യാം എന്ന് പൊലീസ് വകുപ്പ് വിശദീകരിക്കും. എന്‍ഫോഴ്സ്മെന്‍റ് നടപടികളില്‍ പൊലീസ് മുന്‍കൈയ്യെടുക്കും.
ഇന്‍ലിജന്‍സ് മുതല്‍ നര്‍ക്കോട്ടിക്ക് സെല്‍ വരെ പൊലീസിലെ എല്ലാ വിഭാഗങ്ങളും ഇക്കാര്യത്തില്‍ കൂടുതല്‍ശ്രദ്ധപുലര്‍ത്തും. വിവരങ്ങള്‍ എക്സൈസുമായി പങ്കുവെക്കും. അതേസമയം ലഹരിക്കെതിരെയുള്ള കാംപെയ്നില്‍ വിദ്യാഭ്യാസം , ആരോഗ്യം, യുവജനക്ഷേമം, കായികം തുടങ്ങിയ വകുപ്പുകള്‍ മുന്‍കൈയ്യെടുക്കണമെന്ന അഭിപ്രായം ഉയര്‍ന്നിട്ടുണ്ട്. തദ്ദേശ വകുപ്പും സ്ഥാപനങ്ങളും ഇതില്‍ നേതൃത്വം വഹിക്കണം.
സ്കൂളുകളിലും പരിസരത്തും ശക്തമായ നിരീക്ഷണത്തിനും പരിശോധനക്കും ഉള്ള സാധ്യതകളും ആരായുന്നുണ്ട്. കോളജ് ഹോസ്റ്റലുകള്‍ ഉള്‍പ്പെടെ ഡ്രഗ് ഫ്രീ ആക്കേണ്ടതുണ്ട്. 30ാം തീയതി എല്ലാവകുപ്പുകളും സമൂഹത്തിലെ വിവിധ തലങ്ങളില്‍പ്രവര്‍ത്തിക്കുന്നവരുമായി മുഖ്യമന്ത്രി വിപുലമായ യോഗം ചേരും.
അതിന് മുന്നോടിയായാണ് പൊലീസ് എക്സൈസ് ഉള്‍പ്പെടെയുള്ള പ്രധാന വകുപ്പുകളുമായി മുഖ്യമന്ത്രി ആശയവിനിമം നടത്തുന്നത്.