ആശാപ്രവർത്തകരുടെ നിരാഹാരസമരം അഞ്ചാം ദിവസത്തിലേക്ക് കടന്നതോടെ ഐക്യദാർഢ്യവുമായി സംസ്ഥാനതല കൂട്ട ഉപവാസം. സമരത്തെ പിന്തുണയ്ക്കുന്നില്ലെന്ന് പരസ്യനിലപാട് എടുത്ത ഐഎൻടിയുസി, രാഷ്ട്രീയക്കാർ സമരത്തെ വിറ്റ് കാശാക്കുകയാണെന്ന് വിമർശിച്ചു. നിലപാടിനെ രൂക്ഷമായി വിമർശിച്ച യുഡിഎഫ് കൺവീനർ എം.എം. ഹസൻ ഐഎൻടിയുസി ചെയ്യുന്നത് കരിങ്കാലിപ്പണിയാണെന്ന് കുറ്റപ്പെടുത്തി.
നിരാഹാരത്തിന്റെ അഞ്ചാം ദിവസവും തങ്കമണിയുടെ വാക്കുകൾക്ക് ഇടർച്ചയില്ല. രാപ്പകൽ സമരം 43-ാം ദിവസത്തിൽ എത്തി നിൽക്കുമ്പോൾ വിളക്ക് വച്ചിട്ടേ പോകുവെന്നും തറപ്പിച്ച് പറയുകയാണ് ആശാ പ്രവർത്തകർ. ഇതിലൂടെ സമരത്തെ പരിഹസിച്ച് ഐഎൻടിയുസി സ്വന്തം മുഖമാസികയിൽ ലേഖനം എഴുതി. രാഷ്ട്രീയക്കാരും സിനിമാതാരങ്ങളും സമരത്തെ വിറ്റ് കാശാക്കുകയാണെന്നും സമരകേന്ദ്രം സെൽഫി പോയിന്റ് മാത്രമാണെന്നും കെപിസിസി നയരൂപീകരണ യൂത്ത് കൺവീനറായ അനൂപ് മോഹൻ എഴുതിയ ലേഖനത്തിൽ കുറ്റപ്പെടുത്തുന്നു.
പ്രതിപക്ഷം ഒന്നടങ്കം സമരത്തെ പിന്തുണയ്ക്കുമ്പോഴുള്ള ഐഎൻടിയുസിയുടെ വിരുദ്ധ നിലപാടിനോട് കടുത്ത ഭാഷയിലായിരുന്നു എംഎം ഹസൻ പ്രതികരിച്ചത്. ഐക്യദാർഢ്യം പ്രഖ്യാപിച്ച് സമരവേദിയിൽ എത്തിയ ബിജെപി നേതാവ് എ.പി. അബ്ദുള്ളക്കുട്ടി എല്ലാം സംസ്ഥാന സർക്കാരിന്റെ മുകളിൽ കെട്ടിവെച്ച് തടിത്തപ്പി. കേന്ദ്ര പദ്ധതികളുടെ പേര് വയ്ക്കാത്തതാണ് ഫണ്ട് നൽകാത്തതിന് കാരണമെന്ന് അബ്ദുള്ളക്കുട്ടി പറഞ്ഞു.