kannur-suraj-murder

TOPICS COVERED

കണ്ണൂർ മുഴപ്പിലങ്ങാട്ടെ ബിജെപി പ്രവർത്തകൻ സൂരജിനെ കൊന്ന കേസിൽ 8 സിപിഎമ്മുകാർക്ക് ജീവപര്യന്തം തടവ്. മുഖ്യമന്ത്രിയുടെ പ്രസ് സെക്രട്ടറി പി.എം. മനോജിന്റെ സഹോദരൻ മനോരാജ് നാരായണൻ, ടിപി കേസ് പ്രതി ടി. കെ. രജീഷ് ഉൾപ്പെടെയുള്ളവർക്കാണ് തലശ്ശേരി പ്രിൻസിപ്പൽ സെക്ഷൻസ് കോടതി ശിക്ഷ വിധിച്ചത്. പതിനൊന്നാം പ്രതിക്ക് മൂന്നുവർഷം തടവും വിധിച്ചു.

സിപിഎം വിട്ട് ബിജെപിയിൽ ചേർന്നതിനാണ് 2005 ഓഗസ്റ്റ് ഏഴിന് സൂരജിനെ സിപിഎം പ്രവർത്തകർ വെട്ടിക്കൊന്നത്. ടി.കെ. രജീഷ്, എൻ. വി. യോഗേഷ്, കെ. ഷംജിത്ത്, മനോരാജ് നാരായണൻ, സജീവൻ,  മുൻ ലോക്കൽ സെക്രട്ടറി പ്രഭാകരൻ, ലോക്കൽ കമ്മിറ്റി അംഗം കെ. വി. പത്മനാഭൻ , പ്രദീപൻ എന്നിവരെയാണ് ജീവപര്യന്തം തടവിനു ശിക്ഷിച്ചത്. അമ്പതിനായിരം രൂപ പിഴയും ഒടുക്കണം.

ഗൂഢാലോചനയിൽ പങ്കെടുത്തവർക്ക് ഉൾപ്പെടെ ജീവപര്യന്തമാണ് പ്രിൻസിപ്പൽ സെഷൻസ് കോടതി ജഡ്ജി കെ. ടി. നിസാർ അഹമ്മദ് വിധിച്ചത്. പതിനൊന്നാം പ്രതി രാധാകൃഷ്ണന് മൂന്നുവർഷം തടവും 25000 രൂപ പിഴയുമാണ് ശിക്ഷ . മരിച്ച ഒന്നാംപ്രതി ഷംസുദ്ദീനെ ഒളിവിൽ പാർപ്പിച്ചതിനാണ് രാധാകൃഷ്ണനെ ശിക്ഷിച്ചത്. പ്രതീക്ഷിച്ച വിധിയെന്ന് പ്രോസിക്യൂഷൻ . പൊലീസ് അന്വേഷണം കാര്യക്ഷമമായി നടന്നുവെന്നും സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ പി. പ്രേമരാജൻ.

 കേസിലെ പത്താംപ്രതി നാഗത്താൻ കോട്ട പ്രകാശനെ കോടതി വെറുതെ വിട്ടിരുന്നു. ഒന്നാം പ്രതി ഷംസുദ്ദീൻ, പന്ത്രണ്ടാം പ്രതി രവീന്ദ്രൻ എന്നിവർ സംഭവശേഷം മരിച്ചിരുന്നു. ടി പി ചന്ദ്രശേഖരൻ വധക്കേസ് പ്രതി ടി കെ രജീഷ് നൽകിയ കുറ്റസമ്മത മൊഴിയാണ് രജീഷിനെയും പി എം മനോജിന്റെ സഹോദരൻ മനോരാജ് നാരായണനെയും കേസിൽ പ്രതിയാക്കിയത്. ഇത് സാധൂകരിക്കുന്ന സാക്ഷിമൊഴികളും ഉണ്ടായിരുന്നു. 28 സാക്ഷികളെയും 51 രേഖകളുമാണ് കേസിൽ പ്രോസിക്യൂഷൻ കോടതിയിൽ ഹാജരാക്കിയത്. പ്രതികളെ സംരക്ഷിക്കുമെന്നും കുറ്റവിമുക്തരാക്കാൻ നിയമസഹായം നൽകുമെന്നുമാണ് സിപിഎം നിലപാട്.

ENGLISH SUMMARY:

Kannur Muzhappilangad Suraj Murder Case; Eight Accused Sentenced to Life Imprisonment