എഡിജിപി എം.ആര്‍.അജിത്കുമാര്‍
എഡിജിപി എം.ആർ. അജിത് കുമാറിന് ക്ലീൻചിറ്റ് നൽകിക്കൊണ്ടുള്ള വിജിലൻസ് റിപ്പോർട്ട് ഡയറക്ടർ യോഗേഷ് ഗുപ്ത സർക്കാരിന് കൈമാറി. അനധികൃത സ്വത്ത് സമ്പാദനം, ഫ്ലാറ്റ് വാങ്ങൽ, സ്വർണ്ണക്കടത്ത് സംഘങ്ങളുടെ പങ്കുപറ്റൽ തുടങ്ങിയ ആരോപണങ്ങളിലായിരുന്നു അന്വേഷണം. ക്ലീൻചിറ്റ് റിപ്പോർട്ട് സർക്കാറിന് ലഭിച്ചതോടെ അജിത് കുമാറിന്റെ ഡിജിപി ആയിട്ടുള്ള സ്ഥാനക്കയറ്റത്തിന് തടസങ്ങള്‍ മാറി.
പി.വി അൻവർ എംഎൽഎയുടെ ആരോപണങ്ങളുടെ അടിസ്ഥാനത്തിലായിരുന്നു അന്വേഷണം. കവടിയാറിൽ വീട് നിർമ്മാണത്തിന്റെ സ്വത്ത് വിവരം പട്ടികയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ബാങ്ക് വായ്പയുടെ വിശദാംശങ്ങൾ അന്വേഷണ സംഘത്തിന് കൈമാറിയിരുന്നു. അജിത് കുമാറിനെ സ്വർണക്കടത്തുമായി ബന്ധിപ്പിക്കുന്ന തെളിവുകൾ ഒന്നുമില്ല. കുറവൻകോണത്തെ ഫ്ലാറ്റ് ഇടപാടിലും ക്രമക്കേടില്ലെന്ന് വിജിലൻസ് അന്വേഷണത്തിൽ ചൂണ്ടിക്കാട്ടുന്നു.
റിപ്പോർട്ട് പ്രത്യേക അന്വേഷണസംഘം വിജിലൻസ് ഡയറക്ടർക്ക് കൈമാറിയിരുന്നു. ഈ റിപ്പോർട്ട് ആണ് ഡയറക്ടർ യോഗേഷ് ഗുപ്ത സർക്കാരിനു കൈമാറിയത്. എഡിജിപി എം.ആർ. അജിത് കുമാറിന് ഡിജിപിയായി സ്ഥാനക്കയറ്റം നൽകാൻ കഴിഞ്ഞദിവസം സർക്കാർ തീരുമാനിച്ചിരുന്നു. സ്ക്രീനിങ് കമ്മിറ്റി ശിപാർശ മന്ത്രിസഭ അംഗീകരിച്ചിരുന്നു. ക്ലീൻ ചിറ്റ് റിപ്പോർട്ട് കൂടി ആയതോടെ അജിത് കുമാറിന്റെ സ്ഥാനക്കയറ്റത്തിനുള്ള തടസങ്ങളെല്ലാം മാറി.