എട്ടു മാസത്തെ കാത്തിരിപ്പിനൊടുവിൽ 27 ന് ചൂരൽമല- മുണ്ടക്കൈ ഉരുൾപൊട്ടൽ ദുരന്തബാധിതരുടെ ടൗൺഷിപ്പിന് തറക്കല്ലിടുകയാണ്. ആശങ്കയും പ്രതിഷേധവും ഒക്കെ നിറഞ്ഞ ദിവസങ്ങൾക്കൊടുവിലാണ് സർക്കാർ നിർണായക ഘട്ടത്തിലേക്കടുക്കുന്നത്. ടൗൺഷിപ്പിൽ അർഹർ ഇനിയും ഉൾപ്പെടാനുണ്ട് എന്ന പരാതിക്കിടയിലും കാത്തിരിക്കുകയാണ് ഓരോ ദുരന്ത ബാധിതരും.
മുണ്ടകൈയേയും ചൂരൽമലയേയും അടർത്തിയെടുത്ത ദുരന്തം നടന്നിട്ട് എട്ടു മാസം പിന്നിട്ടു. ആശങ്കയോടെ വാടക വീടുകളിൽ കഴിയുകയാണ് ആയിരത്തോളം ദുരന്തബാധിതർ. പലതവണ അവർ പരാതിപ്പെട്ടു. പല തവണ പ്രതിഷേധിക്കേണ്ടി വന്നു, ദുരന്ത ഭൂമിയിൽ കുടിൽ കെട്ടിയും, കലക്ട്രേറ്റിനു മുന്നിൽ കുത്തിയിരുന്നുമൊക്കെ പ്രതിഷേധിച്ചു
മാസങ്ങൾക്കിപ്പുറം പുനരധിവാസ ടൗൺഷിപ്പിനു തറക്കല്ലിടുന്നുവെന്ന ആശ്വാസത്തിലാണവർ. നഷ്ടപ്പെട്ടതൊക്കെ പതിയെ തിരികെ പിടിക്കാമെന്ന പ്രതീക്ഷയുണ്ട്. വീടെന്ന സ്വപ്നമാണ് ആദ്യത്തേത്. ജില്ലാ ആസ്ഥാനമായ കൽപ്പറ്റയിലാണ് അഭയമൊരുങ്ങുന്നത്. ജന്മനാട്ടിൽ നിന്ന് 30 കിലോമീറ്ററോളം മാറി. ബൈപ്പാസിനോട് ചേർന്ന് എൽസ്റ്റൺ എസ്റ്റേറ്റിലെ 46 ഹെക്ടറിൽ 7 സെന്റ് ഭൂമിയിൽ 1000 സ്ക്വയർ ഫീറ്റിൽ 402 വീടൊരുങ്ങും. തറക്കല്ലിട്ടാൽ വേഗത്തിൽ നിർമാണം പൂർത്തിയാക്കുമെന്നാണ് ഉറപ്പ്
പലവിധ തടസങ്ങൾ വന്നു, കോടതിയിൽ വാദപ്രതിവാസങ്ങൾ അരങ്ങേറി.. ഏറ്റവുമൊടുവിൽ സർക്കാർ പ്രഖ്യാപിച്ച 26 കോടിക്ക് എൽസ്റ്റൺ ഭൂമി ഏറ്റെടുക്കാമെന്ന ഹൈക്കോടതി ഡിവിഷൻ ബെഞ്ചിന്റെ ഉത്തരവിൽ തടസങ്ങൾ നീങ്ങി. ഇനി നിർമാണ പ്രവർത്തി തുടങ്ങി കാലതാമസമുണ്ടാകാതെ വേഗത്തിൽ പൂർത്തിയാക്കുകയാണ് വേണ്ടത്.. ഉറ്റവരെ നഷ്ടപ്പെട്ട വേദനയിൽ അവർ അതിനായി കാത്തിരിക്കുകയാണ്....