ബിജെപി നേതാക്കൾ ഉൾപ്പെട്ട കൊടകര കുഴല്‍പ്പണക്കേസില്‍ ബി.ജെ.പിക്ക് ക്ലീന്‍ചിറ്റ് നല്‍കി എൻഫോഴ്സ്മെൻ്റ് ഡയറക്ടറേറ്റ് (ഇ.ഡി) കുറ്റപത്രം സമർപ്പിച്ചു. പൊലീസ് വാദങ്ങള്‍ തള്ളിയാണ് ഇ.ഡിയുടെ കുറ്റപത്രം. പണം തിരഞ്ഞെടുപ്പ് പ്രചാരണത്തിന് എത്തിച്ചതല്ലെന്നും സ്ഥലംവാങ്ങാന്‍ കൊണ്ടുപോയതാണെന്നും കുറ്റപത്രം പറയുന്നു. കൊച്ചി കലൂർ പി.എം.എൽ.എ കോടതിയിലാണ് കുറ്റപത്രം സമർപ്പിച്ചത്. കേസിൽ 23 പ്രതികളാണുള്ളത്.
2021ലെ നിയമസഭാ തെരഞ്ഞെടുപ്പിന് ദിവസങ്ങൾക്കുമുമ്പ് ഏപ്രിൽ മൂന്നിന് കൊടകരയ്ക്കടുത്ത് കാർ തടഞ്ഞ് പണം തട്ടിയെടുത്ത കേസിലാണ് ഇഡിയുടെ കുറ്റപത്രം. തുടക്കത്തിൽ 25 ലക്ഷം തട്ടിയെടുത്തെന്നായിരുന്നു പരാതി. 3.5 കോടി രൂപ നഷ്ടപ്പെട്ടതായി പിന്നീട് തെളിഞ്ഞിരുന്നു. 22 പ്രതികളെ പൊലീസ് പിടികൂടി. 219 സാക്ഷികളെ ഉൾപ്പെടുത്തി 2021 ജൂലെെ 21ന് കുറ്റപത്രം സമർപ്പിച്ചു.
ഒന്നേമുക്കാൽ കോടി രൂപയും 56 ലക്ഷത്തിന്റെ സ്വർണവും 12 ലക്ഷത്തിന്റെ മുതലുകളും പിടിച്ചെടുത്ത് ഹാജരാക്കി. എന്നാൽ കള്ളപ്പണവുമായി ബന്ധപ്പെട്ട കേസുകൾ (പിഎംഎൽഎ) അന്വേഷിക്കാൻ സംസ്ഥാന പൊലീസിന് അധികാരമില്ലാത്തതിനാൽ കുറ്റപത്രമടക്കം ഇഡിക്കും ആദായനികുതിവകുപ്പിനും കെെമാറുകയായിരുന്നു. ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രൻ കേസിൽ ഏഴാംസാക്ഷിയാണ്.