മന്ത്രി എം.ബി.രാജേഷിന്റെ ഭാര്യാ സഹോദരനും പുതുശ്ശേരി ഏരിയ സെക്രട്ടറിയുമായ നിതിൻ കണിച്ചേരിയുടെ പേര് പരാമർശിച്ച് ആശാവർക്കർമാർക്ക് ഭീഷണി. ‘‘തിരുവനന്തപുരത്തെ ആശാ വർക്കർമാരുടെ സമരത്തിൽ പങ്കെടുത്താൽ പണി കളയുമെന്നാണ് ഭീഷണി’’. പാലക്കാട് കണ്ണാടിയിലെ ആശാവർക്കർമാരോടാണ് കൊടുമ്പിലെ സി.ഐ.ടി.യു വനിതാ നേതാവിന്റെ ഭീഷണി സന്ദേശം.
‘‘തിരുവനന്തപുരത്തെ സമരത്തിന് പിന്നിൽ കോൺഗ്രസും, ബി.ജെ.പിയുമാണ്. സമരത്തിൽ പങ്കെടുക്കുന്നവരുടെ പട്ടിക നൽകാൻ സി.പി.എം ഏരിയ സെക്രട്ടറിയായ നിതിൻ ആവശ്യപ്പെട്ടിട്ടുണ്ടെന്നാണ് ശബ്ദ സന്ദേശത്തിലുള്ളത്’’. താൻ പട്ടിക ആവശ്യപ്പെട്ടിട്ടില്ല എന്നാണ് നിതിൻ കണിച്ചേരിയുടെ പ്രതികരണം.
അതിനിടെ ആരോഗ്യനില വഷളായതിനെ തുടർന്ന് സെക്രട്ടറിയേറ്റ് നടയിൽ നിരാഹാരം നടത്തുന്ന ആശാ പ്രവർത്തകയായ ശോഭയെ ആശുപത്രിയിലേക്ക് മാറ്റി. പരിശോധിച്ച ഡോക്ടർമാരാണ് ഇനിയും സമരം തുടരുന്നത് ആരോഗ്യസ്ഥിതി അപകടകരമാക്കുമെന്ന നിർദ്ദേശം നൽകിയത്.
ശോഭയ്ക്ക് പകരം കുളത്തൂർ പി എച്ച് സി യിലെ ആശാവർക്കരായ ഷൈലജ നിരാഹാര സമരം ആരംഭിച്ചു. സെക്രട്ടറിയേറ്റ് നടയിൽ നടത്തുന്ന ആശാ വർക്കർമാരുടെ സമരം 44 ദിവസം പിന്നിട്ടു. നിരാഹാര സമരം ആറാം ദിവസത്തിലേക്കും കടന്നു. അതേസമയം നിരാഹാരം നടത്തുന്നവരെ പരിശോധിക്കാൻ സർക്കാർ ഡോക്ടർമാർ എത്തുന്നില്ലെന്നും സമരസമിതി കുറ്റപ്പെടുത്തി.