യാക്കോബായ സഭയുടെ പുതിയ അധ്യക്ഷന്റെ സ്ഥാനാരോഹണത്തിനൊരുങ്ങി ബെയ്റൂട്ട്. കാതോലിക്കാ വാഴ്ച നടക്കുന്ന ലബനോന്‍ അച്ചാനെയിലെ സെന്റ് മേരീസ് കത്തീഡ്രലിന്റെ കൂദാശകര്‍മം നടന്നു. വൈകിട്ട് നടക്കുന്ന വിശുദ്ധ കുര്‍ബാനയുടെ മധ്യേയാണ് സ്ഥാനാരോഹണച്ചടങ്ങ്.
ലെബാനോനിലെ പുണ്യഭൂമിയില്‍, മെഡിറ്ററേനിയന്‍ കടലിനെ സാക്ഷിയാക്കി ഒരു നവയുഗം പിറക്കാന്‍ ഇനി നിമിഷങ്ങളുടെ കാത്തിരിപ്പ് മാത്രം. സ്ഥാനാരോഹണച്ചടങ്ങുകള്‍ നടക്കുന്ന സെന്റ് മേരീസ് കത്തീഡ്രലില്‍ പുതിയ അധ്യക്ഷന്റെ വാഴ്ചയ്ക്കുള്ള ഒരുക്കങ്ങള്‍ അവസാനഘട്ടത്തിലാണ്. വൈകിട്ട് എട്ട് മുപ്പതിനുള്ള വി.കുര്‍ബാനയ്ക്ക് പരി. അപ്രേം ദ്വിതീയന്‍ പാത്രിയര്‍ക്കീസ് ബാവ മുഖ്യ കാര്‍മികത്വം വഹിക്കും. കോപ്റ്റിക്, അര്‍മീനിയന്‍ തുടങ്ങി ഓറിയന്റല്‍ ഓര്‍ത്തഡോക്സ് സഭാമേലധ്യക്ഷന്മാരുടെ സഹകാര്‍മികത്വത്തിലാണ് കുര്‍ബാന. കുര്‍ബാനമധ്യേയാണ് കാതോലിക്ക വാഴ്ച ചടങ്ങുകള്‍ നടക്കുന്നത്. പരി. പാത്രിയര്‍ക്കീസ് ബാവ നിയുക്ത കാതോലിക്കയ്ക് സ്ഥാനചിഹ്നങ്ങള്‍ കൈമാറും. അംശവസ്ത്രവും അംശവടിയുമാണ് ഭരമേല്‍പ്പിക്കുന്നത്.
കാതോലിക്ക ബാവയുടെ സ്ഥാനചിഹ്നമായി മൂന്നുമാലകള്‍ കഴുത്തിലണിയിക്കും. സിംഹാസനത്തിലിരുത്തി ഓക്സിയോസ് ചൊല്ലും, ഇവന്‍ യോഗ്യന്‍ എന്നര്‍ഥം. ഇത് സ്ഥാനാരോഹണത്തിന്റെ അവസാനഘട്ടമാണ്. പിന്നീട് മഫ്രിയാനേറ്റ് കാതോലിക്കയെന്ന സ്ഥാനത്തേക്ക് നിയുക്ത ബാവയെ ഉയര്‍ത്തും. പാത്രിയര്‍ക്കീസ് ബാവയുടെ പ്രത്യേക കല്‍പ്പനയും ചടങ്ങില്‍ വായിക്കും. പ്രധാനമായും സുറിയാനി ഇംഗ്ലീഷ് മലയാളം ഭാഷകളിലായിരിക്കും ശ്രുശ്രൂഷകള്‍.
കാതോലിക്ക സ്ഥാനത്തേക്ക് നിയുക്ത ബാവ സ്ഥാനമേല്‍ക്കുന്ന ദിവസം ദൈവമാതാവിന്റെ വചനിപ്പ് പെരുന്നാളും ആഘോഷിക്കുകയാണ് യാക്കോബായ സഭ. ജോസഫ് മാര്‍ ഗ്രിഗോറിയോസ് ശെമ്മാശ പട്ടവും വൈദിക പട്ടവും സ്വീകരിച്ചതും ദൈവമാതാവിന്റെ വചനിപ്പ് പെരുനാള്‍ ദിനത്തിലായിരുന്നു,