ശ്രേഷ്ഠ കാതോലിക്കാ ബാവയായി ജോസഫ് മാർ ഗ്രിഗോറിയോസ് വാഴിക്കപ്പെടുമ്പോൾ സഭാസമൂഹത്തിനൊപ്പം അഭിമാനത്തിലും സന്തോഷത്തിലുമാണ് കുടുംബാംഗങ്ങളും. ലെബനോനിലെ പാത്രിയർക്കാ കത്തീഡ്രലിൽ നാളെ നടക്കുന്ന സ്ഥാനാഭിഷേക ചടങ്ങിൽ പങ്കെടുക്കാൻ യാത്രയാകുന്നതിന് മുൻപാണ് ജോസഫ് മാർ ഗ്രിഗോറിയോസിന്‍റെ കുടുംബാംഗങ്ങൾ മനോരമ ന്യൂസിനോട് സംസാരിച്ചത്.
മുളന്തുരുത്തി സ്രാമ്പിക്കൽ പള്ളിത്തട്ട ഗീവർഗീസ് - സാറാമ്മ ദമ്പതികളുടെ ഇളയ മകനായി ജോസഫ് മോർ ഗ്രിഗോറിയോസ് 1960 നവംബർ 10നാണ് ജനിച്ചത്. പതിമൂന്നാം വയസിൽ ഈ വീട്ടിൽനിന്ന് പോയതിൽ പിന്നെ വരവ് വിശേഷദിവസങ്ങളിൽ മാത്രമാണെന്ന് ഓർക്കുന്നു സഹോദരങ്ങൾ. ഈസ്റ്ററിനും ക്രിസ്മസിനും ഓണത്തിനും സഹോദരങ്ങൾക്കൊപ്പമിരുന്ന് ഭക്ഷണം കഴിക്കും മടങ്ങും. തറവാട്ടുവീട്ടിൽ സഹോദരൻ ഉമ്മച്ചനാണ് താമസം. ജോസഫ് മാർ ഗ്രഗോറിയോസിന്‍റേത് വലിയ നിയോഗമെന്നും സന്തോഷമെന്നും കുടുംബാംഗങ്ങൾ. ചൊവ്വാഴ്ച ഇന്ത്യൻ സമയം വൈകിട്ട് ഏഴരയോടെയാണ് ലെബനോനിലെ പാത്രിയർക്കാ കത്തീഡ്രലിൽ ശ്രേഷ്ഠ കാതോലിക്കാ ബാവയായുള്ള ജോസഫ് മാർ ഗ്രിഗോറിയോസിന്‍റെ വാഴിക്കൽ ചടങ്ങ് നടക്കുക. ആ ചടങ്ങിന് നേരിട്ട് സാക്ഷ്യം വഹിക്കാൻ കഴിയുമെന്ന സന്തോഷത്തിലാണ് കുടുംബം.