ഇന്ന് ശ്രേഷ്‌ഠ കാതോലിക്ക പദവിയിലേക്ക് ഉയർത്തപ്പെടുന്ന ജോസഫ് മാർ ഗ്രിഗോറിയോസ് മെത്രാപ്പോലീത്ത, പരിശുദ്ധ പരുമല തിരുമേനിയുടെ നാലാം തലമുറക്കാരനാണ്. ശെമ്മാശപട്ടം സ്വീകരിച്ച് അരനൂറ്റാണ്ടിനിപ്പുറം വെല്ലുവിളികളേറെ നിറഞ്ഞ കാലത്താണ് മലങ്കര യാക്കോബായ സഭയെ നയിക്കാന്‍ ജോസഫ് മാര്‍ ഗ്രിഗോറിയോസ് നിയോഗിക്കപ്പെടുന്നത്.
മുളന്തുരുത്തി പെരുമ്പിള്ളി ശ്രാമ്പിക്കൽ പള്ളത്തിട്ടയിൽ വർഗീസിന്‍റെയും സാറാമ്മയുടെയും മകനായി 1960 നവംബര്‍ പത്തിനാണ് ജോസഫ് മാർ ഗ്രഗോറിയോസിന്റെ ജനനം. മുളന്തുരുത്തി മാർത്തോമൻ കത്തീഡ്രലിൽ മാമോദീസ. പെരുമ്പിള്ളി പ്രൈമറി സ്‌കൂളിലും മുളന്തുരുത്തി ഹൈസ്‌കൂളിലുമായി സ്കൂള്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയ ജോസഫ്, പതിമൂന്നാം വയസ്സിൽ മഞ്ഞനിക്കര ദയറായിൽ ഗീവറുഗീസ് മാര്‍ ഗ്രീഗോറിയോസ് മെത്രാപ്പോലീത്തയില്‍നിന്ന് ശെമ്മാശപട്ടം സ്വീകരിച്ചു. പെരുമ്പിള്ളി മോർ യൂലിയോസ് സെമിനാരിയിൽ വൈദിക പഠനം.
എറണാകുളം മഹാരാജാസ് കോളജിൽനിന്ന് സാമ്പത്തിക ശാസ്ത്രത്തിൽ ബിരുദവും അയർലന്‍ഡിലെ സെന്‍റ് പാട്രിക് കോളജിൽനിന്ന് വേദശാസ്ത്രത്തിൽ ബിരുദവും ഡബ്ളിൻ യൂണിവേഴ്‌സിറ്റിയിൽ നിന്ന് എംഫിലും, യു.എസില്‍നിന്ന് ക്ലീനിക്കൽ പാസ്റ്ററൽ ആൻഡ് കൗൺസിലിങ്ങിൽ ഡിപ്ലോമയും നേടി. 84 മാർച്ച് 25ന് മാർ ബസേലിയോസ് പൗലൂസ് രണ്ടാമന്‍ ബാവാ കശ്ശീശാ പദവിയിലേക്ക് ഉയർത്തി. 84 മുതൽ നാല് വർഷം ബെംഗളൂരു സെന്‍റ് മേരീസ് പള്ളി വികാരിയായിരുന്നു. ഉപരിപഠനാർഥം യുഎസില്‍ ആയിരുന്നപ്പോൾ വിവിധ ദേവാലയങ്ങളിൽ ശുശ്രൂഷ നടത്തി. ഇംഗ്ലണ്ടിലെ സെന്‍റ് തോമസ് സിറിയൻ ഓർത്തഡോക്സ് പള്ളി സ്ഥാപിച്ച് അവിടെ അഞ്ചുവർഷം വികാരിയായി സേവനം അനുഷ്ഠിച്ചു.
സുന്നഹദോസ് സെക്രട്ടറിയായും പ്രവർത്തിച്ചു.
എക്യുമെനിക്കൽ വേദികളിൽ സഭയുടെ പ്രതിനിധിയായും നിലയ്ക്കൽ എക്യുമെനിക്കൽ ട്രസ്റ്റിയായും പ്രവർത്തിക്കുന്ന അദ്ദേഹം, ഗൾഫ്-യൂറോപ്യൻ ഭദ്രാസനങ്ങളുടേയും, കൊല്ലം-തുമ്പമൺ-നിരണം, തൃശൂർ, മലബാർ ഭദ്രാസനങ്ങളുടേയും, അങ്കമാലി ഭദ്രാസനത്തിൽ വിവിധ മേഖലകളുടെയും ചുമതല വഹിച്ചിട്ടുണ്ട്. ബസേലിയോസ് തോമസ് പ്രഥമൻ ബാവ സ്ഥാനം ഒഴിഞ്ഞതിനെ തുടർന്ന് 2019 ഓഗസ്റ്റില്‍ സഭയുടെ മെത്രാപ്പോലീത്തൻ ട്രസ്റ്റിയായി തെരഞ്ഞെടുക്കപ്പെട്ടു. സാധാരണക്കാര്‍ക്കായുള്ള നിരവധി ക്ഷേമപദ്ധതികൾക്ക് തുടക്കം കുറിച്ച ജോസഫ് മാര്‍ ഗ്രിഗോറിയോസ്, മികച്ച വിദ്യാഭ്യാസസ്ഥാപനങ്ങളുടെ സ്ഥാപകനുമാണ്. വെല്ലുവിളി നിറഞ്ഞ കാലത്ത് സമാധാനത്തിനും സമവായത്തിനുമുളള തുറന്ന മനസുമായാണ് ജോസഫ് മാര്‍ ഗ്രിഗോറിയോസ് യാക്കോബായ സഭയുടെ അമരക്കാരനാകുന്നത്.