സംസ്ഥാനത്ത് സ്വകാര്യ സർവകലാശാലകൾക്കായി വാതിൽ തുറന്നു. ബിൽ നിയമസഭ പാസാക്കിയത് പ്രതിപക്ഷത്തിന്‍റെ വിമർശനങ്ങൾ കൂടി കണക്കിലെടുത്താണ്. സ്വകാര്യസർവകലാശാലകളിൽ സാമൂഹിക നീതിയും നിയന്ത്രണവും ഉറപ്പാക്കുമെന്ന് മന്ത്രി ആർ ബിന്ദുവും ഇടത് നയം മാറ്റത്തിന്‍റെ വിളമ്പരമെന്ന് പ്രതിപക്ഷ നേതാവ് വി . ഡി സതീശനും പറഞ്ഞു.
ഇതുവരെ വിദ്യാഭ്യാസത്തിലെ സ്വകാര്യവത്ക്കരണത്തെക്കുറിച്ച് ഉറപ്പിച്ച നിലപാടുകൾ പാടെ മാറ്റിയാണ് സ്വകാര്യ സർവകലാശാലാ ബിൽ രണ്ടാം പിണറായി സർക്കാർ പാസാക്കിയത്. നിയമപരമായ നിയന്ത്രണങ്ങളും സാമൂഹിക നീതിയും ഉറപ്പാക്കുമെന്ന് പറയുമ്പോഴും പിന്നാക്ക വിഭാഗങ്ങൾക്ക് ഫീസ് ഇളവെന്ന പ്രതിപക്ഷ ആവശ്യം അംഗീകരിക്കപ്പെട്ടില്ല. ബില്ലിലെ വ്യവസ്ഥകളെ എതിർത്തപ്പോഴും സ്വകാര്യ സർവകലാശാലകൾ വരുന്നതിനെയും ഇടത് നയം മാറ്റത്തെയും പ്രതിപക്ഷം അനുകൂലിച്ചു.
പണവുമായി വരുന്ന ഏതു കോർപ്പറേറ്റിനും സർവകലാശാല തുടങ്ങാനാവുമെന്ന അവസ്ഥ വരരുതെന്നും കേരളത്തിലെ കോർപ്പറേറ്റ് മാനേജ്മെൻ്റുകൾക്ക് മുൻഗണന നൽകണമെന്നും പ്രതിപക്ഷം ആവശ്യപ്പെട്ടു. ഇനി ഗവർണരുടെ അംഗീകാരം കൂടി ലഭിച്ചാൽ ബിൽ നിയമമായി നിലവിൽ വരും