കോഴിക്കോട് മെഡിക്കല്‍ കോളജിലെ സുരക്ഷാ ജീവനക്കാരെ ഡിവൈഎഫ്ഐ പ്രവര്‍ത്തകരുടെ നേതൃത്വത്തിലുള്ള സംഘം മര്‍ദിച്ച കേസില്‍ മുഴുവന്‍ പ്രതികളെയും വെറുതെ വിട്ടു. തെളിവുകളുടെ അഭാവത്തിലാണ് കോഴിക്കോട് പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയുടെ ഉത്തരവ്. വിചാരണക്കിടെ പരാതിക്കാര്‍ കൂട്ടത്തോടെ മൊഴി മാറ്റിയതാണ് പ്രോസിക്യൂഷന് തിരിച്ചടിയായത്.
2022 ഓഗസ്റ്റ് 31 ന് ആയിരുന്നു സംഭവം. മെഡിക്കല്‍ കോളജിലെ സുരക്ഷാ ജീവനക്കാരായ കെ.എസ്. ശ്രീലേഷ്, എന്‍. ദിനേശന്‍, രവീന്ദ്ര പണിക്കര്‍ എന്നിവര്‍ക്കെതിരെ ആയിരുന്നു ആക്രമണം. ഡിവൈഎഫ്ഐ സംസ്ഥാന കമ്മിറ്റി അംഗവും ജില്ലാ ജോ. സെക്രട്ടറിയുമായ കെ. അരുണ്‍, മേഖലാ സെക്രട്ടറി എം.കെ. അഷിന്‍, മേഖലാ പ്രസിഡന്‍റ് മുഹമ്മദ് ഷബീര്‍ എന്നിവരടക്കമുള്ള സംഘമാണ് ആക്രമണത്തിന് പിന്നില്‍. സന്ദര്‍ശക പാസ് ഇല്ലാതെ എത്തിയ അരുണിനെ തടഞ്ഞതാണ് പ്രകോപനകാരണം. ആദ്യഘട്ടം മുതല്‍ കേസ് അട്ടിമറിക്കാന്‍ ഉള്ള ശ്രമം നടന്നിരുന്നു.
അട്ടിമറി ശ്രമങ്ങള്‍ തുറന്നുപറഞ്ഞ ശ്രീലേഷ് അടക്കമുള്ളവര്‍ വിചാരണ ഘട്ടത്തില്‍ മൊഴി മാറ്റി. സിസിടിവി ദൃശ്യങ്ങള് തെളിവായി ഉണ്ടെങ്കിലും പരാതിക്കാര് മൊഴി മാറ്റിയതോടെ തെളിവുകള്‍ നിലനില്‍ക്കില്ലെന്ന് കോടതി വ്യക്തമാക്കി.