നമ്മുടെ നാട്ടില്‍ വര്‍ണവെറിയുണ്ടോ എന്നതിൽ സംശയം വേണ്ടെന്ന് ചീഫ് സെക്രട്ടറി ശാരദാ മുരളീധരന്‍ മനോരമ ന്യൂസിനോട് പറഞ്ഞു. നിറത്തിന്റെ പേരിലെ അധിക്ഷേപം കേട്ടപ്പോള്‍ ഞെട്ടിപ്പോയി. കറുപ്പായാലെന്താ, കറുപ്പിനഴക് എന്നൊക്കെയുള്ള പ്രയോഗങ്ങള്‍ തന്നെ പ്രശ്നമാണ്. തന്നെ അധിക്ഷേപിച്ച ആള്‍ക്കുള്ള മറുപടി ഇപ്പോള്‍ നടക്കുന്ന ചര്‍ച്ചകളാണെന്നും അവര്‍ പറഞ്ഞു.
കറുപ്പ് നിറത്തിന്റെ പേരിൽ തനിക്ക് നേരിടേണ്ടി വന്ന അധിക്ഷേപത്തെക്കുറിച്ച് ചീഫ് സെക്രട്ടറി ഫെയ്സ്ബുക്കില്‍ തുറന്നെഴുതിയിരുന്നു. തന്റെ നിറം മുതൽ ജോലിയിൽ വരെ ഒരു സ്ത്രീ നേരിടുന്ന വിമർശനങ്ങളെയും താരതമ്യപ്പെടുത്തലുകളെയും കുറിച്ചാണ് ചീഫ് സെക്രട്ടറി പറഞ്ഞത്. പ്രതിപക്ഷ നേതാവും എം.എൽ.എമാരുൾപ്പെടെ നിരവധി പേർ ശാരദാ മുരളീധരന്റെ വാക്കുകളെ പിന്തുണച്ചും അഭിനന്ദിച്ചും രംഗത്തെതി.
ചീഫ് സെക്രട്ടറി എന്ന നിലയിലുള്ള ശാരദാ മുരളീധരന്റെ പ്രവർത്തനം "കറുത്തത്" എന്നും മുൻ ചീഫ് സെക്രട്ടറിയും ശാരദയുടെ ഭർത്താവുമായ ഡോ. വി. വേണുവിന്റെ പ്രവർത്തനം വെളുത്തതെന്നും ഒരാൾ വിമർശിച്ചത് മുൻനിർത്തിയാണ് സാമൂഹിക മാധ്യമത്തിലെ കുറിപ്പ്. ഏറെ വിഷമം തോന്നി എന്നാണ് ശാരദ പറയുന്നത്. കഴിഞ്ഞ ഏഴു മാസമായി ഭർത്താവുമായി താരതമ്യം ചെയ്യപ്പെടുന്നു. സ്ത്രീയായതാണ് ഇതിനെല്ലാം കാരണമെന്നും ചീഫ് സെക്രട്ടറി കുറിക്കുന്നു. നിരന്തരം പല അർത്ഥത്തിൽ കറുപ്പെന്ന് ലേബൽ ചെയ്യപ്പെടുകയാണ്. 50 വർഷമായി ഇത് കേൾക്കുന്നു എന്നും അവർ പറയുന്നു.
മക്കളുടെ വാക്കുകളാണ് കറുപ്പ് മോശം നിറമെന്ന പ്രതീതി മാറ്റിയത്. കറുപ്പ് ഗംഭീര നിറം എന്ന് മക്കൾ പറഞ്ഞു. ചീഫ് സെക്രട്ടറിയുടെ ഫേസ്ബുക്ക് പോസ്റ്റ് ഷെയർ ചെയ്ത പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ തന്റെ അമ്മക്കും കറുപ്പ് നിറമായിരുന്നു എന്ന് കുറിച്ചു. കറുപ്പ് മോശമാണെന്ന ചിന്ത രാഷ്ട്രീയമായി തന്നെ തെറ്റാണ്. പുതിയ തലമുറയിലേക്ക് ഈ കാഴ്ചപ്പാട് പടരരുതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ശാരദ മുരളീധരന്റെ തുറന്നുപറച്ചിൽ നല്ലതാണെന്ന് കെ. രാധാകൃഷ്ണൻ എം.പി. പറഞ്ഞു. പുതിയ തലമുറയിലെ ആരുമാകില്ല ചീഫ് സെക്രട്ടറിയെ അപമാനിച്ചതെന്നായിരുന്നു രാഹുൽ മാങ്കൂട്ടത്തിൽ എം.എൽ.എയുടെ പ്രതികരണം. ചീഫ് സെക്രട്ടറിക്ക് ഉണ്ടായ അനുഭവം അപരിഷ്കൃതമാണെന്നും യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അദ്ധ്യക്ഷന്‍ അഭിപ്രായപ്പെട്ടു. മുൻ മന്ത്രി പി.കെ. ശ്രീമതി ഉൾപ്പെടെ വിവിധ രംഗത്ത് പ്രവർത്തിക്കുന്നവരും ശാരദാ മുരളീധരന് പിന്തുണ അറിയിച്ചു.