തിരുവനന്തപുരത്തെ IB ഉദ്യോഗസ്ഥ മേഘയുടെ ആത്മഹത്യയില്‍ അവസാന ഫോണ്‍കോള്‍ കേന്ദ്രീകരിച്ച് അന്വേഷണം. ഫോണ്‍ വിളിച്ചതാരാണെന്ന് കണ്ടെത്താന്‍ സൈബര്‍ സെല്ലിന്‍റെ സഹായം തേടി. പ്രണയബന്ധം തകര്‍ന്നതാണോ ജീവനൊടുക്കാന്‍ കാരണമെന്ന് അറിയാന്‍ വീട്ടുകാരുടെയും സുഹൃത്തുക്കളുടെയും മൊഴിയെടുക്കും.
വിമാനത്താവളത്തില്‍ നിന്ന് ഒരു കിലോമീറ്റര്‍ അകലെയുള്ള വാടക വീട്ടിലേക്ക് പോകാതെ റയില്‍വേ ട്രാക്കിലേക്കാണ് മേഘ നടന്നത്. ചാക്കാ മേല്‍പ്പാലത്തിന് സമീപത്തുള്ള സര്‍വീസ് റോഡിലൂടെ ട്രാക്കിലേക്ക് കടന്നു. അവിടെയാണ് തിങ്കളാഴ്ച രാവിലെ ഒമ്പതരയോടെ മൃതദേഹം കണ്ടത്.
മേഘയുടെ ആത്മഹത്യയുടെ കാരണം അവസാനത്തെ ആ ഫോണ്‍വിളിയിലുണ്ടെന്ന് പൊലീസ് ഉറപ്പിക്കുന്നു. ഫോണ്‍ തകര്‍ന്ന് പോയതിനാല്‍ സി.ഡി.ആര്‍ എടുത്ത് ആ വിളിയാരുടേതെന്ന് അറിയാനാണ് തീരുമാനം. വിവാഹത്തിലേക്ക് നീങ്ങിയിരുന്ന പ്രണയത്തില്‍ നിന്ന് സുഹൃത്ത് പിന്‍മാറിയതിലെ നിരാശയാണെന്ന സൂചനയുണ്ട്. വീട്ടുകാരുടെയും സുഹൃത്തുക്കളുടെയും മൊഴിയെടുത്ത് ഇതിലും വ്യക്തത വരുത്തും.