ജൂലൈ 30ന് സർവതും നഷ്ടപ്പെട്ട മുണ്ടകൈ-ചൂരൽമല ദുരന്തബാധിതർക്കുള്ള മാതൃകാ ടൗൺഷിപ്പിന് ഇന്നു തറക്കല്ലിടും. കൽപ്പറ്റ എൽസ്റ്റൺ എസ്റ്റേറ്റിൽ വൈകീട്ട് നാലിനു നടക്കുന്ന ചടങ്ങിൽ മുഖ്യമന്ത്രി പിണറായി വിജയൻ തറക്കല്ലിടൽ നിർവഹിക്കും. മന്ത്രിമാരും പ്രതിപക്ഷ നേതാക്കളായ വി.ഡി.സതീശൻ, പി.കെ.കുഞ്ഞാലിക്കുട്ടി, വയനാട് എം.പി പ്രിയങ്കാ ഗാന്ധി തുടങ്ങിയവരും പങ്കെടുക്കും. ദുരന്തത്തിനും എട്ടു മാസങ്ങൾക്ക് ശേഷമാണ് ടൗൺഷിപ്പ് നിര്‍മാണത്തിന് തുടക്കമിടുന്നത്.
എൽസ്റ്റണിലെ 64 ഹെക്ടര്‍ ഭൂമിയില്‍ ഏഴ് സെന്റ് വീതമുള്ള പ്ലോട്ടുകളിലില്‍ 1,000 ചതുരശ്ര അടിയിലാണ് വീടു നിർമിക്കുന്നത്. ഊരാളുങ്കല്‍ ലേബര്‍ സൊസൈറ്റിയാണ് ടൗണ്‍ഷിപ്പ് നിര്‍മ്മാണ പ്രവര്‍ത്തികള്‍ നിര്‍വഹിക്കുക. മൂന്നു ഘട്ടങ്ങളിലായി 402 കുടുംബങ്ങൾക്കാണ് ടൗൺഷിപ്പിൽ വീടൊരുങ്ങുക. അംഗൻവാടി, കമ്മ്യൂണിറ്റി സെന്റർ, പ്രാഥമികാരോഗ്യ കേന്ദ്രം തുടങ്ങിയവയും ടൗൺഷിപ്പിലുണ്ടാകും.