ഒരു ലക്ഷത്തിലേറെ മാസാമാസം ശമ്പളം കൈപ്പറ്റുന്ന ഐബി ഉദ്യോഗസ്ഥയ്ക്ക് ഭക്ഷണം കഴിക്കാന്‍ പോലും പണമില്ലായിരുന്നുവെന്ന് റിപ്പോര്‍ട്ട്. മേഘയുമായി അടുപ്പമുണ്ടായിരുന്ന ഐബി ഉദ്യോഗസ്ഥനും മലപ്പുറം സ്വദേശിയുമായ സുകാന്ത് സുരേഷിന്റെ അക്കൗണ്ടിലേക്കായിരുന്നു ശമ്പളം മൊത്തം മാറ്റിയിരുന്നത്. ഫെബ്രുവരിയില്‍ കിട്ടിയ ശമ്പളവും സുകാന്ത് സ്വന്തം അക്കൗണ്ടിലേക്ക് ട്രാന്‍സ്ഫര്‍ ചെയ്യിച്ചു. വെറും 80രൂപയാണ് മേഘയുടെ സ്വന്തം അക്കൗണ്ടില്‍ ഉണ്ടായിരുന്നത്.
മേഘ എപ്പോഴും സങ്കടത്തിലായിരുന്നുവെന്ന് സുഹൃത്തുക്കള്‍ ബന്ധുക്കളോട് പറഞ്ഞു. ഭക്ഷണം കഴിക്കാന്‍ വിളിച്ചാല്‍പ്പോലും വരില്ല. ഉച്ചഭക്ഷണം കഴിക്കാന്‍ പണമില്ലാത്തതുകൊണ്ടാണ് ഒപ്പം വരാത്തതെന്നും സുഹൃത്തുക്കള്‍. പിറന്നാളാഘോഷിക്കാന്‍ പണമില്ലാത്തതിനാല്‍ ആഘോഷം വേണ്ടെന്ന് പറഞ്ഞ മേഘയ്ക്ക് സുഹൃത്തുക്കളാണ് കേക്കും മറ്റും വാങ്ങിനല്‍കിയത്. വിവാഹക്കാര്യം പറയുമ്പോള്‍ കൃത്യമായ മറുപടിയൊന്നും പറയാതെ പഠനകാര്യങ്ങളും പിതാവിന്റെ ചികിത്സയും പറഞ്ഞ് സുകാന്ത് പിന്തിരിയുകയായിരുന്നു.
ഒരുമിച്ച് ട്രെയിനിങ്ങിന് ജോധ്പൂരിലേക്ക് പോയ സമയത്താണ് മേഘയും സുകാന്തും പരിചയപ്പെടുന്നത്. ആ പരിചയം പിന്നീട് പ്രണയമാവുകയും സുകാന്ത് മേഘയെ സാമ്പത്തികമായി ചൂഷണം ചെയ്യുകയുമായിരുന്നു. അത്യാവശ്യം പറയുമ്പോള്‍ അഞ്ഞൂറോ ആയിരമോ മാത്രമാണ് സുകാന്ത് മേഘയ്ക്കു നല്‍കിയിരുന്നതെന്നും ബാങ്ക് രേഖകള്‍ പരിശോധിച്ചതില്‍ നിന്നും ബന്ധുക്കള്‍ക്ക് വ്യക്തമായി.
തിരുവനന്തപുരം വിമാനത്താവളത്തിലെ ഐബി ഉദ്യോഗസ്ഥയായിരുന്നു മേഘ. മേഘയുമായി അടുപ്പമുണ്ടായിരുന്ന സുകാന്ത് സുരേഷ് മകളെ സാമ്പത്തികമായി ചൂഷണം ചെയ്തിരുന്നുവെന്ന് മേഘയുടെ പിതാവ് മധുസൂദനന്‍ തന്നെയാണ് ആരോപണമുന്നയിച്ചത്. മേഘയുടെ മരണത്തിന് ശേഷമാണ് സാമ്പത്തിക ഇടപാടുകളെ കുറിച്ച് അറിയുന്നതെന്നും മധുസൂദനന്‍ വെളിപ്പെടുത്തി. സുകാന്തിനെ മൊഴിയെടുക്കാന്‍ പൊലീസ് വിളിച്ചെങ്കിലും ഹാജരാവാതെ മൊബൈല്‍ ഓഫ് ചെയ്ത് മുങ്ങിയതായാണ് റിപ്പോര്‍ട്ട്.
കഴിഞ്ഞയാഴ്ചയാണ് ഡ്യൂട്ടി കഴിഞ്ഞ് മടങ്ങിയെത്തിയ മേഘയെ ചാക്കയിലെ റെയില്‍വേ ട്രാക്കില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത്. സഹപ്രവര്‍ത്തകന്‍ പ്രണയബന്ധത്തില്‍ നിന്ന് പിന്‍മാറിയതാണ് ആത്മഹത്യയ്ക്ക് കാരണമെന്ന് ബന്ധുക്കള്‍ നേരത്തെ ആരോപിച്ചിരുന്നു. വിവാഹം കഴിക്കണമെന്ന് മേഘ ആവശ്യപ്പെട്ടതോടെയാണ് സുകാന്ത് പിന്‍മാറിയതെന്നും തനിക്ക് ഐഎഎസ് എടുക്കണമെന്നും പിതാവിന്‍റെ ചികില്‍സ സംബന്ധമായ കാര്യങ്ങളുണ്ടെന്നുമായിരുന്നു മറുപടിയെന്നും ബന്ധുക്കള്‍ വെളിപ്പെടുത്തി.