waqf-02

വഖഫ് നിയമഭേദഗതി ബില്ലുമായി ബന്ധപ്പെട്ട കെസിബിസി നിലപാട് ഏറ്റെടുത്ത് കേന്ദ്രമന്ത്രിമാര്‍. കേരളത്തില്‍നിന്നുള്ള എല്ലാ എംപിമാരും ബില്ലിനെ പിന്തുണയ്ക്കുമെന്ന് പ്രതീക്ഷിക്കുന്നതായി പാര്‍ലമെന്‍ററികാര്യ മന്ത്രി കിരണ്‍ റിജിജുവും നിലപാടിനെ സ്വാഗതംചെയ്യുന്നതായി ധനമന്ത്രി നിര്‍മല സീതാരാമനും പ്രതികരിച്ചു. ബില്ലിനെതിരെ വിയോജിപ്പ് രേഖപ്പെടുത്തണമെന്ന് പാളയം ഇമാം ആവശ്യപ്പെട്ടു. കെ.സി.ബി.സിക്കുള്ള തെറ്റദ്ധാരണകള്‍ നീക്കുമെന്ന് ഹാരിസ് ബീരാന്‍ എം.പിയും പറഞ്ഞു

വഖഫ് ബില്ലിനെ കേരളത്തില്‍ നിന്നുള്ള എം.പിമാര്‍ പിന്തുണയ്ക്കണമെന്ന കെസിബിസി നിലപാടാണ് കേന്ദ്രമന്ത്രിമാര്‍ ഏറ്റുപിടിച്ചത്. മുനമ്പത്ത് നൂറുകണക്കിനാളുകള്‍ ദുരിതമനുഭവിക്കുകയാണെന്നും പ്രീണന രാഷ്ട്രീയത്തിനായി ജനങ്ങളുടെ താല്‍പര്യം ഇല്ലാതാക്കരുതെന്നും, കെ.സി.ബി.സി പ്രതികരണം പങ്കുവച്ചുകൊണ്ട് കിരണ്‍ റിജിജു പറഞ്ഞു. നിയമത്തിലെ ഭരണഘടന വിരുദ്ധവായ വകുപ്പുകൾ നീക്കം ചെയ്യണമെന്നാണ് കെ.സി.ബി.സി ആവശ്യപ്പെടുന്നതെന്നും സ്വാഗതാര്‍ഹമെന്നും നിര്‍മല സീതാരാമനും എക്സില്‍ കുറിച്ചു. ബില്ലിനെതിരെ വിയോജിപ്പ് രേഖപ്പെടുത്തണമെന്ന് പാളയം ഇമാം വി.പി.സുഹൈബ് മൗലവി പെരുന്നാള്‍ സന്ദേശത്തില്‍ ആവശ്യപ്പെട്ടു. വഖഫ് അല്ലാഹുവിന്റെ ധനമാണ്. അല്ലാഹുവിനെ ഭയപ്പെടുന്നവരാണ് സ്വത്ത് കൈകാര്യം ചെയ്യേണ്ടതെന്നും പാളയം ഇമാം പറഞ്ഞു.

വഖഫ് ഭേദഗതി ബില്ലില്‍ കെ.സി.ബി.സിയുമായി ചര്‍ച്ചയ്ക്ക് മുസ്‍ലീം ലീഗ് . വഖഫ് നിയമത്തെക്കുറിച്ചുള്ള തെറ്റിദ്ധാരണകള്‍ നീക്കുമെന്ന് ഹാരിസ് ബീരാന്‍ എം.പി.  മുനമ്പത്ത് ആരെയും കുടിയൊഴിപ്പിക്കരുത് എന്നാണ് ലീഗിന്റെ നിലപാടെന്നും ഹാരിസ് ബീരാന്‍ മനോരമ ന്യൂസിനോട് പറഞ്ഞു.

ബില്ലിന്റെ വിശദാംശങ്ങള്‍ വ്യക്തമായതിന് ശേഷം യു.ഡി.എഫും ഇന്ത്യ മുന്നണ‌ിയും നിലപാട് എടുക്കുമെന്ന് ഫ്രാന്‍സീസ് ജോര്‍ജ് എം.പി. നിലവില്‍ ബില്ലിനെ കുറിച്ച് ഊഹാപോഹങ്ങള്‍ മാത്രമാണുള്ളത്. മുനമ്പത്തെ ആളുകളുടെ ബുദ്ധിമുട്ടുകള്‍ കൂടി പരിഗണിക്കണമെന്നാണ് കെ.സി.ബി.സി പറഞ്ഞതെന്ന് ഫ്രാന്‍സീസ് ജോര്‍ജ് പറഞ്ഞു . ബുധനാഴ്ച വഖഫ് നിയമഭേദഗതി ബില്‍ ലോക്സഭയില്‍ അവതരിപ്പിക്കുമെന്നാണ് സൂചന.

ENGLISH SUMMARY:

Union ministers have taken up the KCBC's stand on the Waqf Amendment Bill. Parliamentary Affairs Minister Kiren Rijiju said he expects all MPs from Kerala to support the bill, while Finance Minister Nirmala Sitharaman welcomed the stand. Palayam Imam demanded that the bill be opposed. MP Harris Beeran also said that he would clear up any misconceptions about KCBC.