എമ്പുരാന്‍ സിനിമയുടെ പ്രദര്‍ശനം തടയില്ലെന്ന് ഹൈക്കോടതി. സെന്‍സര്‍ ബോര്‍ഡ് അംഗീകാരമുളള സിനിമയല്ലേ? പിന്നെ എന്താണ് പ്രശ്നമെന്ന് കോടതി ചോദിച്ചു. ബിജെപി പ്രവര്‍ത്തകനായ വിജേഷ് ഹരിഹരന്‍ നല്‍കിയ ഹര്‍ജിയിലാണ് കോടതി പരാമര്‍ശം . ഹര്‍ജി നല്‍കിയതിന് പിന്നാലെ ബിജെപി തൃശൂര്‍ ജില്ലാ നേതൃത്വം ഹര്‍ജിക്കാരനെ സസ്പെന്‍ഡ് ചെയ്തു.
അതിനിടെ എമ്പുരാനിലെ സീനുകള്‍ക്ക് 24 വെട്ടുകള്‍. സ്ത്രീകള്‍ക്കെതിരായ അക്രമദൃശ്യങ്ങള്‍ മുഴുവന്‍ ഒഴിവാക്കി. പ്രധാന വില്ലന്‍ കഥാപാത്രത്തിന്‍റെ പേര് ബല്‍ദേവ് എന്ന് മാറ്റി. കലാപത്തീയതി 2002ല്‍ എന്ന് കാണിക്കുന്നത് ഏതാനും വര്‍ഷം മുന്‍പെന്ന് തിരുത്തി. എന്‍.ഐ.എ പരാമര്‍ശം മ്യൂട്ട് ചെയ്തു. NIA ബോര്‍ഡ് കാറില്‍ നിന്ന് മാറ്റി. പൃഥ്വിരാജും അച്ഛന്‍ കഥാപാത്രവുമായുള്ള സംഭാഷണവും വെട്ടി.
മതചിഹ്നങ്ങളുടെ പശ്ചാത്തലത്തില്‍ വാഹനങ്ങള്‍ പോകുന്ന സീനും വെട്ടിമാറ്റി. സിനിമയുടെ നന്ദി കാര്‍ഡില്‍നിന്ന് കേന്ദ്രമന്ത്രി സുരേഷ് ഗോപിയുടെ പേരും ഒഴിവാക്കി. സിനിമ ദേശവിരുദ്ധമായതിനാല്‍ ഒഴിവാക്കണമെന്നാണ് കേന്ദ്രമന്ത്രി ആവശ്യപ്പെട്ടത്. മാറ്റങ്ങള്‍ വരുത്തിയ എമ്പുരാന്‍ ചിത്രം നാളെ മുതല്‍ തിയറ്ററുകളില്‍ പ്രദര്‍ശിപ്പിക്കും.
ക്രൈസ്തവ വിഭാഗത്തെ അധിക്ഷേപിക്കുന്ന ഭാഗങ്ങളും എമ്പുരാനിൽ ഉണ്ടെന്ന് കെസിബിസി വക്താവ് ഫാദര്‍ തോമസ് തറയിൽ. സിനിമയ്ക്ക് ആവശ്യമില്ലാത്ത ഭാഗങ്ങൾ ആണ് അവയൊക്കെയെന്ന് തോമസ് തറയിൽ മനോരമ ന്യൂസിനോട് പറഞ്ഞു. നിലവിൽ നീക്കം ചെയ്യുന്ന ഭാഗങ്ങൾ രാഷ്ട്രീയപരമാണ്. ക്രൈസ്തവ വിശ്വാസത്തെ ആക്ഷേപിക്കുന്നത് മലയാള സിനിമയിൽ പൊതുവിലുള്ള പ്രവണത. ഒരു വിഭാഗത്തെയും വേദനിപ്പിച്ചു കൊണ്ട് ആകരുത് സിനിമയിലെ വിനോദമെന്നും കെസിബിസി വക്താവ് പ്രതികരിച്ചു.