ആലപ്പുഴ പുന്നപ്രയിൽ വീട് ജപ്തി ചെയ്തതിന് യുവാവ് ജീവനൊടുക്കി. പുന്നപ്ര പറവൂർ വട്ടത്തറ പ്രഭുലാൽ ആണ് മരിച്ചത്. ജപ്തിയെ തുടർന്നുള്ള മനോവിഷമത്തിലാണ് മകൻ മരിച്ചതെന്ന് പിതാവ് അനിലൻ മനോരമ ന്യൂസിനോട് പറഞ്ഞു. ജപ്തി നോട്ടീസ് ലഭിച്ചപ്പോൾ ബാങ്ക് അധികൃതരോട് സാവകാശം ചോദിച്ചിരുന്നുവെന്നും ബന്ധുക്കൾ പറയുന്നു.
ഇന്നലെ ഉച്ചയ്ക്കു ശേഷമാണ് ജപ്തി നടന്ന വീടിനോട് ചേർന്നുള്ള ഷെഡിൽ പ്രഭുലാലിനെ മരിച്ച നിലയിൽ കണ്ടെത്തിയത്. കേരളബാങ്ക് പുന്നപ്ര ശാഖയിൽ നിന്ന് 2018 ൽ മൂന്ന് ലക്ഷം രൂപയാണ് വീടിന്‍റെ അറ്റകുറ്റപ്പണികൾക്ക് വായ്പ എടുത്തത്. 8000 രൂപയാണ് പ്രതിമാസ തിരിച്ചടവ്. കെട്ടിടനിർമാണ തൊഴിലാളി ആയിരുന്ന പ്രഭുലാലിന് ജോലിക്കിടയിൽ വീണ് നട്ടെല്ലിന് പരുക്കേറ്റിരുന്നു. ഇതിനാൽ തിരിച്ചടവ് മുടങ്ങി. മാർച്ച് 30 ന്ന് ജപ്തി നടത്തുമെന്ന് നോട്ടീനിൽ പറഞ്ഞ കേരള ബാങ്ക് അധികൃതർ 24 ന് എത്തി ജപ്തി നടത്തി വീടു പൂട്ടി. ജപ്തിക്ക് ശേഷം മകൻ വലിയ മനോവിഷമത്തിൽ ആയിരുന്നുവെന്നും വീടിന്റെ തിണ്ണയിൽ ആണ് യുവാവ് കഴിഞ്ഞിരുന്നതെന്നും അച്ഛൻ അനിലൻ മനോരമ ന്യൂസിനോട് പറഞ്ഞു.
ജപ്തി നോട്ടീസ് ലഭിച്ചപ്പോൾ സമയം നീട്ടി നൽകണമെന്ന് ആവശ്യപ്പെട്ട് അപേക്ഷ നൽകിയിരുന്നുവെന്നും പിതാവ് പറഞ്ഞു. പ്രഭുലാലിന്‍റെ മരണശേഷം സിപിഐ മണ്ഡലം സെക്രട്ടറി ഇ.കെ. ജയന്‍റെ നേതൃത്വത്തിൽ നാട്ടുകാർ പൂട്ടു പൊളിച്ചു മാതാപിതാക്കളെയും കുടുംബാംഗങ്ങളെയും വീട്ടിനുള്ളിൽ കയറ്റി. പൊലീസിൽ പരാതി നൽകുമെന്ന് പിതാവ് അറിയിച്ചു. പുന്നപ്ര വയലാർ സമര സേനാനി വട്ടത്തറ ഗംഗാധരന്‍റെ ചെറുമകനാണ് മരിച്ച പ്രഭുലാൽ. പോസ്റ്റ് മോർട്ടത്തിനു ശേഷമേ മരണകാരണം വ്യക്തമാകൂ.