എം.ബി.എ പരീക്ഷയുടെ ഉത്തരകടലാസ് കാണാതായതില്‍ കേരള സര്‍വകലാശാല വൈസ് ചാന്‍സലര്‍ വിളിച്ചു ചേര്‍ക്കുന്ന യോഗം ഇന്ന്. സര്‍വകലാശാലയിലെ പരീക്ഷകളുമായി ബന്ധപ്പെട്ട എല്ലാ പ്രശ്നങ്ങളിലും സിന്‍ഡിക്കേറ്റിലെ ചില ഭരണപക്ഷ അംഗങ്ങള്‍ കൈകടത്തുന്നുവെന്ന പരാതിയുടെ നിഴലിലാണ് യോഗം ചേരുന്നത്. പരീക്ഷാ കണ്‍ട്രോളറും സിന്‍ഡിക്കേറ്റ് ഉപസമിതിയും എംബിഎ പരീക്ഷയുടെ ചുമതലയുള്ള ഉദ്യോഗസ്ഥരും യോഗത്തില്‍ പങ്കെടുക്കും.
എം.ബി എ പരീക്ഷയുടെ 71 ഉത്തര പേപ്പറുകള്‍ കാണാതായി മൂന്നു മാസം കഴിയുമ്പോഴാണ് ഇക്കാര്യം ചര്‍ച്ചചെയ്യാന്‍ വൈസ് ചാന്‍സലര്‍ യോഗം വിളിക്കുന്നത്. സിസിന്‍ഡിക്കേറ്റും ഉപസമിതിയും എല്ലാ കാര്യങ്ങളും നോക്കി നടത്തിക്കൊള്ളാം എന്ന ഭരണക്ഷിയുടെ ചില പ്രതിനിധികളുടെ നിലപാടാണ് സര്‍വകലാശാലയുടെ നടപടികള്‍വൈകാന്‍ കാരണം എന്നാണ് സൂചന. വിസിയും റജിസ്ട്രാറും പോലും ഭരണപരമായ നടപടികളെടുക്കുന്നതിന് ഈ സംഘം തടസം നില്‍ക്കുന്നതിനാലാണ് എംബിഎ പരീക്ഷാ പേപ്പര്‍ സംഭവത്തില്‍ സര്‍വകലാശാല ഇത്രയും നാള്‍ കൈയ്യും കെട്ടി അനങ്ങാതിരുന്നത് എന്നാണ് ആക്ഷേപം ഉയരുന്നത്. ഇക്കാര്യങ്ങള്‍ ഉന്നയിക്കപ്പെട്ടാല്‍ സിന്‍ഡിക്കേറ്റ് ഉപസമിതിയോഗത്തില്‍ ചൂടുപിടിച്ച ചര്‍ച്ചകളുണ്ടാകും. വിസി വിളിച്ചു ചേര്‍ക്കുന്ന യോഗത്തിന്‍റെ പ്രധാന ലക്ഷ്യം പരീക്ഷാ വിഭാഗത്തിന്‍റെ വിശദീകരണം കേള്‍ക്കുകയാണ്. 71 ഉത്തര കടലാസുകെട്ടുകളില്‍ ഒരോന്നിലും 10 പേപ്പറുകള്‍ ഉണ്ടെന്നു കരുതിയാല്‍ പോലും 710 പേപ്പറുകളുള്ള വലിയൊരു കെട്ടാണ് നഷ്ടപ്പെട്ടത്. ബൈക്ക് യാത്രക്കിടെ നഷ്ടപ്പെട്ടു എന്നാണ് മൂല്യനിര്‍ണയത്തിന് പേപ്പര്‍ ഏറ്റുവാങ്ങിയ അധ്യാപകന്‍ പറയുന്നത്. ഇത് സര്‍വകലാശാല പൂര്‍ണമായി വിശ്വസിച്ചിട്ടില്ല. പൊലീസ് തുടര്‍നടപടികള്‍ സ്വീകരിക്കുമ്പോള്‍ ഈ വിവരങ്ങള്‍ കൈമാറും.